പഴയ പാലം വെല്ലുവിളി, ലോകത്തെ ഏറ്റവുംവലിയ ശിവലിംഗം വഴിയിൽ കുടുങ്ങി; ബിഹാറിലെ റോഡിൽ ഭക്തരുടെ ഒഴുക്ക്

#ന്യൂസ് ഡെസ്ക്
ശിവലിംഗം, തൊഴാനെത്തിയ ഭക്തർ
ശിവലിംഗം, തൊഴാനെത്തിയ ഭക്തർ

പട്‌ന: തമിഴ്‌നാട്ടിൽനിന്ന് ബിഹാറിലെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്ന ലോകത്തെ ഏറ്റവുംവലിയ ശിവലിംഗം വഴിയിൽ കുടുങ്ങി. വിഗ്രഹം വഹിച്ചുകൊണ്ടുള്ള കൂറ്റൻ ട്രക്ക് ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെത്തിയെങ്കിലും പഴയ, അപകടാവസ്ഥയിലുള്ള പാലത്തിലൂടെ മുന്നോട്ടുപോവാനാവാത്ത സ്ഥിതിയാണ്. പാലത്തിന്റെ സുരക്ഷയെക്കുറിച്ച് എൻജിനീയർമാൻ ആശങ്കയറിയിച്ചതിനെത്തുടർന്നാണ് യാത്ര വഴിമുട്ടിയത്. ബാലത്തരി ചെക്ക് പോസ്റ്റിനടുത്ത് നിർത്തിയിട്ട വാഹനത്തിനടുത്ത് ഒട്ടേറെ ഭക്തരാണ് തൊഴാനെത്തുന്നത്.

തമിഴ്‌നാട്ടിലെ മഹാബലിപുരത്തുനിന്ന് ബിഹാറിലെ കിഴക്കൻ ചമ്പാരനിലെ വിരാട് രാമായണ ക്ഷേത്രത്തിലേക്കാണ് വിഗ്രഹം എത്തിക്കുന്നത്. ഗ്രാനൈറ്റ് പാറയിൽ നിർമിച്ച വിഗ്രഹത്തിന് 33 അടി നീളവും 210 ടൺ ഭാരവുമുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലൂടെ 2,100 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് ഇത് ലക്ഷ്യസ്ഥാനത്തെത്തിക്കേണ്ടത്. മഹാബലിപുരത്തുനിന്ന് പുറപ്പെട്ട ശേഷം വഴിയിലുടനീളം ഭക്തർ നിരനിരയായി നിന്ന് മന്ത്രോച്ചാരണങ്ങളും പൂജകളും നടത്തി വിഗ്രഹത്തെ സ്വാഗതംചെയ്തു.

ജനുവരി ആദ്യത്തിലാണ് വിഗ്രഹം വഹിച്ച വാഹനം വടക്കൻ ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ ഡുമരിയഘട്ട് പാലത്തിലെത്തിയത്. നാരായണി (ഗണ്ഡക്) നദിക്ക് കുറുകെയുള്ള ഈ പഴകിയ പാലത്തിന് വാഹനത്തിന്റെ ഭാരവും ശിവലിംഗത്തിന്റെ ഭാരവും താങ്ങുക പ്രയാസകരമാണ്. പാലത്തിന്റെ സുരക്ഷ പരിശോധിച്ച എൻജിനീയർമാർ ഈ ആശങ്ക പ്രകടിപ്പിച്ചു. പാലത്തിൽ പലയിടത്തും വിള്ളലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശിവലിംഗത്തിന്റെ ഭാരം 210 മെട്രിക് ടണ്ണാണെങ്കിൽ, അത് വഹിക്കുന്ന വാഹനത്തിന്റെ ഭാരം 160 ടണ്ണിലധികമാണ്. ഗോപാൽഗഞ്ചിൽനിന്ന് 150-200 കിലോമീറ്റർ അകലെയാണ് ക്ഷേത്രമുള്ളത്.

ട്രക്ക് ബാലത്തരി ചെക്ക് പോസ്റ്റിനടുത്ത് നിർത്തിയിട്ടതോടെ നിരവധി ഭക്തരാണ് ശിവലിംഗം കാണാനും തൊഴാനുമെത്തുന്നത്. പ്രദേശത്ത് ക്രമസമാധാന പാലനത്തിനും റോഡുകളിലെ തിരക്ക് ഒഴിവാക്കുന്നതിനും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ജനുവരി മധ്യത്തോടെയാണ് ക്ഷേത്രത്തിൽ വിശുദ്ധ പ്രതിഷ്ഠാചടങ്ങുകൾ നിശ്ചയിച്ചിട്ടുള്ളത്. അഞ്ച് പുണ്യനദികളിൽനിന്നുള്ള ജലം ഉപയോഗിച്ചുള്ള അഭിഷേകം, ഹെലിക്കോപ്ടറുകളിൽനിന്നുള്ള പുഷ്പവൃഷ്ടി എന്നിവ ഉൾപ്പെടെ പ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

Content Highlights: Giant Shivling's Journey to Bihar Halts: Logistical Hurdles at Dumariaghat Bridge