ഇതാണ് ഇപ്പോഴത്തെ അവസ്ഥ…! പുസ്തക വിവാദത്തിൽ ട്വീറ്റുമായി നരവണെ

ന്യൂഡൽഹി: തന്റെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി മുൻ കരസേന മേധാവി ജനറൽ മനോജ് നരവണെ. പ്രസിദ്ധീകരിക്കപ്പെടാത്ത പുസ്തകത്തിന്റെ പതിപ്പ് പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് പുസ്തകത്തിന്റെ പ്രസാധകരായ പെൻഗ്വിൻ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവന ട്വീറ്റ് ചെയ്താണ് നരവണെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ജനറൽ നരവണെയുടെ ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി എന്ന ഓർമക്കുറിപ്പുകളുടെ പ്രസാധകാവകാശം പെൻഗ്വിൻ ഇന്ത്യയ്ക്കാണ്. എന്നാൽ പുസ്തകത്തിന്റെ അച്ചടിച്ച പതിപ്പോ, ഡിജിറ്റൽ പതിപ്പോ ഇതുവരെ പ്രസിദ്ധീകരിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും അനധികൃതമായി പ്രചരിക്കുന്ന പതിപ്പുകൾ പകർപ്പവകാശ ലംഘനമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നുമുള്ള പ്രസ്താവനയാണ് നരവനെ പങ്കുവെച്ചിരിക്കുന്നത്. പുസ്തകത്തിന്റെ നിലവിലെ അവസ്ഥ ഇതാണെന്ന കുറിപ്പുമായാണ് നരവണെ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ലോക്സഭയിൽ രാഹുൽ ഗാന്ധി ഈ പുസ്തകത്തിന്റെ ഒരു കോപ്പി പ്രദർശിപ്പിച്ചത് വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തിൽ നിന്നുള്ള കാര്യങ്ങൾ സഭയിൽ ഉദ്ധരിക്കാൻ കഴിയില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തടസവാദമുന്നയിച്ചിരുന്നു. പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല എന്ന വാദം തള്ളിയ രാഹുൽ ഗാന്ധി, 'സുഹൃത്തുക്കളെ, എന്റെ പുസ്തകം ഇപ്പോൾ ലഭ്യമാണ്. ലിങ്ക് പിന്തുടരുക,' എന്ന നരവണെയുടെ 2023ലെ പോസ്റ്റ് ചൂണ്ടിക്കാട്ടി പുസ്തകം പുറത്തിറങ്ങിയതായി വാദിച്ചിരുന്നു. ഒന്നുകിൽ നരവണെ അല്ലെങ്കിൽ പെൻഗ്വിൻ കള്ളം പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ, ആ ലിങ്ക് പുസ്തകം പ്രീ ഓർഡർ ചെയ്യാനുള്ളതാണെന്ന് പിന്നീട് പ്രസാധാകർ വ്യക്തമാക്കി. ഇത് ഏറ്റുപിടിച്ച് രാഹുൽ ഗാന്ധിയെ ബിജെപി പരിഹസിച്ചിരുന്നു. പ്രീ ഓർഡറും പബ്ലിഷിംഗും തമ്മിലുള്ള വ്യത്യാസം രാഹുലിന് അറിയില്ലെന്ന് പരിഹസിച്ച് ബിജെപി നേതാവ് ഷെഹ്‌സാദ് പുനെവാല രംഗത്തെത്തിയിരുന്നു. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നരവനെ ഇപ്പോൾ പ്രതികരണം നടത്തിയിരിക്കുന്നത്.
Content Highlights: Former Army Chief Gen. Manoj Naravane addresses controversy over unauthorized copies of his book. Publishers confirm no official release. Learn more about the ongoing dispute.