ഇന്ത്യയിലേക്ക് വരേണ്ട, ഓസ്ട്രേലിയയിൽത്തന്നെ തുടരാൻ ഗംഭീറിനെ അനുവദിക്കണം; പരിഹാസവുമായി BJP നേതാവ്

ചെന്നൈ: സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ പരിശീലകൻ ഗൗതം ഗംഭീറിനെ പരിഹസിച്ച് ബി.ജെ.പി നേതാവ്. തമിഴ്നാട് ബി.ജെ.പി വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതിയാണ് ഗംഭീറിനെതിരെ രംഗത്തെത്തിയത്. ഗംഭീറിനെ ഓസ്ട്രേലിയയിൽ തുടരാൻ ബി.സി.സി.ഐ അനുവദിക്കണമെന്ന് നാരായൺ പരിഹസിച്ചു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ പോസ്റ്റ് പിന്നീട് നാരായണൻ തിരുപ്പതി പിൻവലിച്ചു.
ചോദിക്കുന്നതെല്ലാം കൊടുത്ത് ഗൗതം ഗംഭീറിനെ ഓസ്ട്രേലിയയിൽത്തന്നെ നിർത്തണമെന്ന് നാരായൺ തിരുപ്പതി പരിഹാസരൂപേണ ആവശ്യപ്പെട്ടു. പത്തുവർഷത്തിനുശേഷമാണ് ഇന്ത്യയിൽനിന്ന് ബോർഡർ ഗവാസ്കർ ട്രോഫി ഓസ്ട്രേലിയ തിരിച്ചുപിടിക്കുന്നത്. ഈ തോൽവിക്ക് പ്രധാന ഉത്തരവാദി പരിശീലകനായ ഗംഭീറാണെന്നാണ് ഉയർന്നുവന്നിരിക്കുന്ന വിമർശനം. ഗംഭീർ പരിശീലകനായശേഷം ഇന്ത്യയ്ക്ക് പല പ്രധാന മത്സരങ്ങളും വിജയിക്കാനായില്ല എന്നാണ് ഇതിന് തെളിവായി ക്രിക്കറ്റ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
ഇതിനിടയിലാണ് നാരായണൻ തിരുപ്പതിയുടെ പ്രതികരണം ശ്രദ്ധ നേടുന്നത്. ഗൗതം ഗംഭീറിനെ ഓസ്ട്രേലിയയിൽ തുടരാൻ അനുവദിക്കണം. അദ്ദേഹത്തിന്റെ ശിഷ്ടകാലം അവിടെത്തന്നെ ജീവിക്കട്ടെ. ബി.സി.സിഐ ഒരുപാട് കാര്യങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കുവേണ്ടി ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർക്കുവേണ്ടി ചെയ്യാൻ കഴിയുന്ന കാര്യം ഗംഭീറിനോട് ഓസ്ട്രേലിയയിൽത്തന്നെ തുടരാൻ ആവശ്യപ്പെടുക എന്നതാണ്. മേലാൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ഒരു കാര്യത്തിലും ഗംഭീർ ഇടപെടരുത്. നാരായണൻ തിരുപ്പതി ആവശ്യപ്പെട്ടു.
മുൻപ് ബി.ജെ.പിയുടെ ഡൽഹിയിൽനിന്നുള്ള എം.പിയായിരുന്നു ഗൗതം ഗംഭീർ. രണ്ടാമത് അവസരം നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തെത്തിയത്.
Content Highlights: BJP leader Narayan Tripathi mocks Gautam Gambhir following India`s defeat in the Sydney Test