36,000 കോടിയുടെ ഗംഗാ എക്‌സ്പ്രസ് വേയിൽ വീണ്ടും വൻ വിള്ളലുകൾ; അഴിമതിയെന്ന് പ്രതിപക്ഷം

#ന്യൂസ് ഡെസ്‌ക്‌
Credit : @Benarasiyaa/ X
Credit : @Benarasiyaa/ X

ലഖ്നൗ: ഉത്തർപ്രദേശിൽ 36,230 കോടി രൂപ ചെലവഴിച്ച്‌ നിർമ്മിച്ച ഗംഗാ എക്‌സ്പ്രസ് വേയിൽ വീണ്ടും വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു. കനത്ത മഴയെത്തുടർന്ന് പാതയുടെ ഒരു ഭാഗത്ത് 10 മീറ്റർ ആഴമുള്ള വലിയ കുഴി രൂപപ്പെട്ട് ദിവസങ്ങൾക്കകമാണ് പുതിയ കേടുപാടുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉന്നാവോയ്ക്ക് സമീപം നേരത്തെ തകരാർ സംഭവിച്ചതിനെ തുടർന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറ്റകുറ്റപ്പണികൾ നടത്തിയ ഭാഗത്താണ് ഇപ്പോൾ പുതിയ വിള്ളലുകൾ വീണിരിക്കുന്നത്.

കനത്ത മഴയെ പ്രതിരോധിക്കാൻ എക്‌സ്പ്രസ് വേയ്ക്ക് ശേഷിയുണ്ടോ എന്ന കാര്യത്തിൽ ഈ സംഭവം വലിയ ആശങ്കകൾ ഉയർത്തുന്നുണ്ട്. കഴിഞ്ഞ ഏപ്രിൽ 29-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 594 കിലോമീറ്റർ നീളമുള്ള ഈ ആറുവരിപ്പാത ഉദ്ഘാടനം ചെയ്തത്.

മീററ്റിനെ പ്രയാഗ്രാജുമായി ബന്ധിപ്പിക്കുന്ന ഈ പാതയിലൂടെയുള്ള യാത്രാസമയം 12 മണിക്കൂറിൽ നിന്നും 6 മണിക്കൂറായി കുറയ്ക്കാൻ സാധിക്കുമെന്നായിരുന്നു വിലയിരുത്തൽ..

എന്നാൽ ഉദ്ഘാടനത്തിന് ശേഷം പലയിടങ്ങളിലും പാതയ്ക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ജൂലൈയിൽ ഉന്നാവോയിലെ സോണിക് ടോൾ പ്ലാസയെ എക്‌സ്പ്രസ് വേയുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ ഒരു ഭാഗം തകരുകയും മണ്ണൊലിപ്പ് ഉണ്ടാകുകയും ചെയ്തിരുന്നു. അതിനുപിന്നാലെ ഓഗസ്റ്റ് 18-ന് മീററ്റ്-പ്രയാഗ്രാജ് പാതയിൽ കിലോമീറ്ററുകൾക്കപ്പുറത്ത് റോഡിന്റെ വലിയൊരു ഭാഗം ഒലിച്ചുപോവുകയും വൻ കുഴി രൂപപ്പെടുകയും ചെയ്തു. തുടർച്ചയായുണ്ടാകുന്ന ഈ തകരാറുകൾ എക്‌സ്പ്രസ് വേയുടെ നിർമ്മാണ നിലവാരത്തെയും ഡ്രെയിനേജ് സംവിധാനങ്ങളുട ശാസ്ത്രീയതയെയും ചോദ്യം ചെയ്യുന്നതാണ്.

കൂടുതൽ വിള്ളലുകൾ റിപ്പോർട്ട് ചെയ്തതോടെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തിയിട്ടുണ്ട്. 'സൂക്ഷിക്കുക, നിങ്ങളുടെ ജീവൻ അപകടത്തിലാണ്!' എന്ന് അഖിലേഷ് യാദവ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഗംഗാ എക്‌സ്പ്രസ് വേയിലെ ഈ വിള്ളലുകൾ ബിജെപി സർക്കാരിന്റെ അഴിമതിയുടെ തെളിവുകളാണെന്നും അദ്ദേഹം ആരോപിച്ചു.

Content Highlights: New cracks and severe damage reported on the Ganga Expressway following heavy rains., The 594 km six-lane expressway was inaugurated by PM Narendra Modi connecting Meerut to Prayagraj., Repeated structural failures raise serious questions about construction quality and drainage systems., Samajwadi Party chief Akhilesh Yadav criticized the government, citing corruption and public safety risks.