100 % പ്രകൃതിദത്തം, ശുദ്ധം; ആ അവകാശവാദവും വിൽപനയും വേണ്ട; ഡാബറിന് വിലക്കുമായി FSSAI

#ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: പ്രമുഖ എഫ്എംസിജി കമ്പനിയായ ഡാബറിന്റെ തേൻ, നെയ്യ് ഉൾപ്പെടെയുള്ള വിവിധ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിൽപനയ്ക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) വിലക്കേർപ്പെടുത്തി. ഉൽപന്നങ്ങൾ 100 ശതമാനം ശുദ്ധം, പ്രകൃതി ദത്തം തുടങ്ങിയ അവകാശവാദങ്ങളിൽ വിൽക്കുന്നതിനെ തുടർന്നാണ് നടപടി. ഇത്തരം അവകാശവാദങ്ങൾ ഉന്നയിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് എഫ്എസ്എസ്എഐ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

തേൻ, ആപ്പിൾ സൈഡർ വിനെഗർ, വിർജിൻ വെളിച്ചെണ്ണ, എള്ളെണ്ണ, പശുവിൻ നെയ്യ്, ഇളനീർ, തേങ്ങാപ്പാൽ തുടങ്ങിയ ഉൽപന്നങ്ങൾക്കാണ് വിലക്ക് ബാധകം. ഡാബറിന്റെ വെബ്സൈറ്റിൽ ഈ ഉൽപ്പന്നങ്ങളെ 100% പ്രകൃതിദത്തം, 100% ശുദ്ധം, 100% ഓർഗാനിക്' എന്നിങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇത്തരം അവകാശവാദങ്ങൾ അവ്യക്തവും പരിശോധിച്ചു ഉറപ്പുവരുത്താൻ കഴിയാത്തതുമാണ്. ഇത് 2018-ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് (അഡ്വർടൈസിംഗ് ആൻഡ് ക്ലെയിംസ്) ചട്ടങ്ങളുടെ ലംഘനമാണെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കി.

ആവശ്യമായ ഔദ്യോഗിക അംഗീകാരമില്ലാതെ ഡാബർ ഹിമാലയൻ ഓർഗാനിക് ആപ്പിൾ സൈഡർ വിനെഗർ, ഡാബർ ഓർഗാനിക് ഹണി എന്നിവയിൽ 'ജൈവിക് ഭാരത്' (Jaivik Bharat) ലോഗോ ഉപയോഗിക്കുന്നതായും അതോറിറ്റി കണ്ടെത്തി. തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ പിൻവലിക്കാൻ മുൻപ് നിർദ്ദേശം നൽകിയിട്ടും കമ്പനി കൃത്യമായ നടപടികൾ സ്വീകരിക്കാത്തതിനെത്തുടർന്നാണ് ഇപ്പോൾ വിൽപന തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഉൽപന്നങ്ങളുടെ വിൽപന ഉടനടി നിർത്താൻ എഫ്എസ്എസ്എഐ ഡാബറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, 15 ദിവസത്തിനകം ഇതുസംബന്ധിച്ച നടപടി റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശമുണ്ട്.

എഫ്എസ്എസ്എഐയുടെ നോട്ടീസ് ലഭിച്ചതായും വെബ്സൈറ്റിലെ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും ഡാബർ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴിയും സോഷ്യൽ മീഡിയ വഴിയും ഉൽപന്നങ്ങൾ വിൽക്കുന്ന കമ്പനികൾക്കെതിരെ എഫ്എസ്എസ്എഐ പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

Content Highlights: FSSAI prohibits sale of specific Dabur products including honey, ghee, and apple cider vinegar., The ban stems from unverified '100% natural' and 'organic' claims., Dabur allegedly misused the 'Jaivik Bharat' logo without official certification., Violation of the 2018 Food Safety and Standards (Advertising and Claims) Regulations., Dabur is required to submit a compliance report within 15 days.