'സ്റ്റാലിനെ കണ്ടുപഠിക്കൂ, ഉപദേശം തേടൂ'; പ്രധാനമന്ത്രി മോദിയോട് ഡിഎംകെ എം.പി

എം.കെ. സ്റ്റാലിന്‍, നരേന്ദ്ര മോദി | Photo: PTI
എം.കെ. സ്റ്റാലിന്‍, നരേന്ദ്ര മോദി | Photo: PTI

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ മാതൃകയാക്കണമെന്ന് ഡി.എം.കെ. എം.പി. ദയാനിധി മാരന്‍. ബി.ജെ.പി. ഇതര സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രബജറ്റില്‍ വിവേചനം കാണിച്ചുവെന്ന വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പരാമര്‍ശം.

പ്രധാനമന്ത്രി ഞങ്ങളുടെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനില്‍നിന്ന് കുറച്ച് നല്ല ഉപദേശങ്ങള്‍ സ്വീകരിക്കുകയും അദ്ദേഹത്തെ പിന്തുടരുകയും ചെയ്യേണ്ട സമയം വന്നിരിക്കുന്നുവെന്നാണ് ഞാന്‍ കരുതുന്നതെന്ന് ദയാനിധി മാരന്‍ പറഞ്ഞു. എം.കെ. സ്റ്റാലിന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹം പറഞ്ഞു, എനിക്ക് വേണ്ടി വോട്ട് ചെയ്തവര്‍ക്കായി മാത്രമല്ല ഞാന്‍ പ്രവര്‍ത്തിക്കുക. എനിക്ക് വോട്ട് ചെയ്യാത്തവര്‍ക്കു വേണ്ടിക്കൂടി പ്രവര്‍ത്തിക്കുമെന്ന്. അത് എന്റെ കര്‍ത്തവ്യമാണെന്ന്. ഇന്ന്, പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്തവര്‍ക്കു വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. പകരം അദ്ദേഹത്തെ പിന്തുണയ്ക്കുന്ന പാര്‍ട്ടികള്‍ക്കു വേണ്ടി മാത്രമാണ്‌ പ്രവര്‍ത്തിക്കുന്നത്, ദയാനിധി മാരന്‍ ആരോപിച്ചു.

രണ്ട് സംസ്ഥാനങ്ങളൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും കേന്ദ്രബജറ്റില്‍ അവഗണിക്കപ്പെട്ടുവെന്ന് ആരോപിച്ച് ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോക്ക് നടത്തിയിരുന്നു. 

Content Highlights: follow and take some good advice from mk stalin says dayanidhi maran to narendra modi