ചന്ദ്രയാന്‍ പ്രയാണത്തിന്റെ ആകാശദൃശ്യം വിമാനത്തിലിരുന്ന് പകര്‍ത്തി യാത്രക്കാര്‍ | VIDEO

Screengrab : Twitter Video
Screengrab : Twitter Video

ചെന്നൈ: ഇന്ത്യയുടെ ചരിത്രദൗത്യമായ ചന്ദ്രയാന്‍-3 യുടെ ഭൂമിയില്‍ നിന്നുള്ള യാത്രാദൃശ്യം വിമാനത്തിലിരുന്ന് പകര്‍ത്തി യാത്രക്കാര്‍. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35 നാണ് ചന്ദ്രയാന്‍-3 പേടകവുമായി LVM3-M4 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ആയിരക്കണക്കിനാളുകള്‍ റോക്കറ്റ് വിക്ഷേപണത്തിന്റെ തത്സമയദൃശ്യം ടെലിവിഷനിലൂടെയും മറ്റ് വാര്‍ത്താമാധ്യമങ്ങളിലൂടേയും കണ്ടു. അതേസമയം ആകാശത്ത് നീങ്ങിയിരുന്ന ഇന്‍ഡിഗോയുടെ ചെന്നൈ-ധാക്ക വിമാനത്തിലെ യാത്രക്കാര്‍ക്ക് ആ മനോഹരദൃശ്യം വിമാനത്തിന്റെ ജനാലച്ചില്ലിലൂടെ നേരിട്ട് ദര്‍ശിക്കാനായി. 

വിമാനത്തിന്റെ പൈലറ്റിന്റെ അറിയിപ്പിനെ തുടര്‍ന്നാണ് യാത്രക്കാര്‍ തങ്ങളുടെ കണ്‍മുന്നിലൂടെ ചന്ദ്രനെ ലക്ഷ്യമാക്കി കുതിച്ചുയരുന്ന റോക്കറ്റിനെ കണ്ടത്. തെളിഞ്ഞ നീലാകാശത്തിന് കീഴെയുള്ള വെള്ളമേഘങ്ങള്‍ക്കിടയിലൂടെ വെള്ളിരേഖ പോലെ കുതിച്ചുപൊങ്ങുന്ന ചന്ദ്രയാന്‍-3 ദൗത്യയാത്രയുടെ ദൃശ്യം യാത്രക്കാര്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. 

അതേസമയം താഴെനിന്ന് റോക്കറ്റിന്റെ യാത്ര പകര്‍ത്തുകയായിരുന്ന മറ്റൊരാളുടെ വീഡിയോയില്‍ ഉയര്‍ന്ന് പറക്കുന്ന വിമാനവും പതിഞ്ഞു. ഇന്‍ഡിഗോയുടെ ചെന്നൈ-ധാക്ക വിമാനമാണിതെന്ന് രാജ ബാല എന്ന ട്വിറ്റര്‍ ഉപയോക്താവ് വീഡിയോ പോസ്റ്റ് ചെയ്ത് കുറിച്ചു. 


 

Content Highlights: Flyer Captures, Chandrayaan-3 Lift Off, Chennai-Dhaka Flight, Malayalam News