ക്രാഷ് ആക്സുകൊണ്ടുള്ള അടിയേറ്റ് പൊട്ടിയ തലയിലെ തുന്നിക്കെട്ടുകൾ; ക്യാപ്റ്റൻ മച്ചാറിന്റെ പരിക്കിന്റെ ദൃശ്യം പുറത്ത്

ന്യൂഡൽഹി: ക്രാഷ് ആക്സുകൊണ്ടുള്ള അടിയേറ്റ് പൊട്ടിയ, ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ തലയിലെ തുന്നിക്കെട്ടുകൾ.. ഫ്ളൈ ദുബായ് വിമാനദുരന്തം ഒഴിവാക്കാൻ സഹായിച്ച മച്ചാറിനെയും മറ്റ് ക്രൂ അംഗങ്ങളെയും യുഎഇ ആദരിച്ച ചടങ്ങിൽ പങ്കെടുക്കവേയാണ് അദ്ദേഹത്തിന്റെ മുറിവുകൾ ഇതാദ്യമായി പുറംലോകം കണ്ടത്. തലയ്ക്ക് പിന്നിലായി, ആഴത്തിലേറ്റ മുറിവുകൾ നെടുകെയും കുറുകെയും തുന്നിയിരിക്കുന്നതാണ് കാണാനാവുക.
സെപ്റ്റംബർ മുപ്പതാം തീയതിയാണ് ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ളൈ ദുബായ് വിമാനത്തിൽ അട്ടിമറി ശ്രമമുണ്ടാകുന്നത്. ഒമാനി പൗരനായ സഹപൈലറ്റ്, ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ച് വീഴ്ത്തിയ ശേഷം വിമാനത്തിന്റെ നിയന്ത്രണം കൈക്കലാക്കി തകർക്കാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ, മച്ചാറിന്റെ സമയോചിതമായ ഇടപെടൽ അട്ടിമറി ശ്രമത്തെ പരാജയപ്പെടുത്തി. സഹപെെലറ്റിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റെങ്കിലും മച്ചാർ, കോക്ക്പിറ്റിലെ സംഘർഷം യാത്രക്കാരെ അറിയിക്കുകയും അവർ ഇടപെടുകയുമായിരുന്നു. തുടർന്ന് അവർ സഹപൈലറ്റിനെ കീഴ്പ്പെടുത്തുകയും വിമാനത്തിലുണ്ടായിരുന്ന മറ്റു രണ്ട് പൈലറ്റുമാർ ചേർന്ന് വിമാനം സുരക്ഷിതമായി സൗദി അറേബ്യയിലെ വിമാനത്താവളത്തിൽ ഇറക്കുകയുമായിരുന്നു.
ഫ്ളൈ ദുബായ് ജീവനക്കാർക്ക് 'ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് സായിദ് II' ബഹുമതിയാണ് യുഎഇ സമ്മാനിച്ചത്. അടിയന്തര സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കാണിച്ച ധീരതയെയും അവരുടെ പങ്കിനെയും മാനിച്ചുള്ളതാണ് പുരസ്കാരം.
Content Highlights: Visuals of Captain Smith Machar's head stitches revealed during a UAE honor ceremony., Machar prevented a hijacking attempt by an Omani co-pilot on a Flydubai flight., Passengers and crew subdued the attacker, landing safely in Saudi Arabia., UAE honored the crew with the First Class Order of Zayed II for bravery.