വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ; കെട്ടിടങ്ങൾ തകർന്നു, ഗർഭിണിയടക്കം ഒട്ടേറെ പേർ മരിച്ചു

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ അതിശക്തമായ മഴയിലും മണ്ണിടിച്ചിലിലും നിരവധി നാശനഷ്ടങ്ങള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ മഴക്കെടുതിയിൽ 13 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം ആയിരക്കണക്കിനു പേരെ മാറ്റിപ്പാര്‍പ്പിച്ചു. ബംഗ്ലാദേശിനു മുകളിലുള്ള ന്യൂനമര്‍ദം വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുന്നതിനാല്‍ ശനിയാഴ്ച അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
അസമില്‍ മാത്രം മണ്ണിടിച്ചിലില്‍ അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടമായി. കാംരൂപ് മെട്രോപൊളിറ്റന്‍ ജില്ലയിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ മൂന്ന് സ്ത്രീകളുമുണ്ട്. ഗുവാഹത്തിയിലെ ബോണ്ട പ്രദേശത്തുള്ളവരാണിവര്‍. സംസ്ഥാനത്തെ ആറു ജില്ലകളിലായുണ്ടായ വെള്ളപ്പൊക്കം പതിനായിരക്കണക്കിനുപേരെ ബാധിച്ചു. കാംരൂപ് മെട്രോപൊളിറ്റന്‍, കാംരൂപ്, കച്ചാര്‍, ധിമാജി, ലഖിംപുര്‍, ഗോലഘട്ട് ജില്ലകളെയാണ് മഴക്കെടുതി ബാധിച്ചത്. അസമിലെ 8 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്, മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. കനത്ത വെള്ളക്കെട്ട് കാരണം കാംരൂപ് ജില്ലയില്‍ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും അവധി നല്‍കി.
അരുണാചല്‍ പ്രദേശില്‍ രണ്ട് കുടുംബങ്ങള്‍ സഞ്ചരിച്ച കാര്‍ ബന-സെപ്പ റോഡില്‍നിന്ന് മണ്ണിടിച്ചിലില്‍ ഒലിച്ചുപോയി ഒരു കൊക്കയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ട് കുട്ടികളും ഗര്‍ഭിണിയും ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു.
മിസോറമില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ച് വീടുകളും ഒരു ഹോട്ടലും തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടേറെ മ്യാന്‍മര്‍ സ്വദേശികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ത്രിപുരയില്‍ അച്ഛനോടൊപ്പം മീന്‍ പിടിക്കുന്നതിനിടെ പതിനാറുകാരന്‍ മുങ്ങിമരിച്ചു. സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പശ്ചിമ ത്രിപുര, ഖോവായ് ജില്ലകളിലെ ഇരുന്നൂറിലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. സിക്കിമില്‍ കനത്ത മഴയെത്തുടര്‍ന്ന് തീങ്, ചുങ്താങ് പ്രദേശങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി ഒട്ടേറെ നാശനഷ്ടങ്ങള്‍ സംഭവിച്ചു. മണിപ്പുരില്‍ രണ്ടുദിവസം തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ തലസ്ഥാനമായ ഇംഫാലില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
Content Highlights: floods and landslides across northeast states many death