'ഇരുരാജ്യങ്ങൾക്കും സ്വീകാര്യമായ പരിഹാരത്തിനായി ശ്രമം'; മാലദ്വീപ് വിഷയത്തിൽ പ്രതികരണവുമായി ഇന്ത്യ

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും |ഫോട്ടോ:PTI
മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും |ഫോട്ടോ:PTI

ന്യൂഡൽഹി: മാലദ്വീപിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ അന്ത്യശാസനം നൽകിയ സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യ. മാലദ്വീപുമായി പരസ്പര സഹകരണത്തിനുള്ള വിശാല ചർച്ച നടക്കുന്നതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു..

നിലവിലെസ്ഥിതി തുടരാൻ ഇരുരാജ്യങ്ങൾക്കും സ്വീകാര്യമായൊരു പരിഹാരത്തിനായി ശ്രമിക്കുന്നുണ്ട്. ഇന്ത്യൻ വ്യോമസേന മാലദ്വീപിലെ ജനങ്ങൾക്കായി ചെയ്തുവരുന്ന മാനുഷികസഹായങ്ങൾ, മെഡിക്കൽ സേവനങ്ങൾ തുടങ്ങിയ തുടരാനാവശ്യമായതൊക്കെയും ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.

ഇന്ത്യ - മാലദ്വീപ് ഉന്നതതല യോഗം ഞായറാഴ്ച മാലിയിൽ ചേർന്നിരുന്നു. യോഗത്തിൽ ഇന്ത്യൻ സൈന്യത്തെ മാർച്ച് 15-നകം പിൻവലിക്കണമെന്ന് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു ആവശ്യപ്പെടുകയായിരുന്നു. ഇതിനുപിന്നാലെയായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇരുരാജ്യങ്ങളും തമ്മിൽ അടുത്ത ഉന്നതതല യോഗം ഇന്ത്യയിൽ നടക്കും. തീയതി പിന്നീട് നിശ്ചയിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ടൂറിസത്തെച്ചൊല്ലി മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ഇതിനിടെ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു ചൈനയിൽ സന്ദർശനം നടത്തിയിരുന്നു. അഞ്ചുദിവസം നീണ്ട ചൈനാ സന്ദർശനത്തിനുപിന്നാലെയാണ് സൈന്യത്തെ പിൻവലിക്കണമെന്ന നിലപാട് മാലദ്വീപ് കടുപ്പിച്ചത്. തിരഞ്ഞെടുപ്പിൽ 'ഇന്ത്യ ഔട്ട്' എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു നിലവിലെ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു അധികാരത്തിൽ എത്തിയത്. ചൈനയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവുകൂടിയാണ് മൊയ്സു.

Content Highlights: India Maldives, High Level Core Group, First meeting