വാഹനത്തില്‍നിന്ന് ഇറക്കുന്നതിനിടെ പടക്കം നിറച്ച പെട്ടി താഴെവീണ് പൊട്ടിത്തെറിച്ചു; 4 പേർക്ക് പരിക്ക്

ഹൈദരാബാദ്: പടക്കം നിറച്ച പെട്ടികള്‍ വാഹനത്തില്‍നിന്ന് ഇറക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടം. നാല് പേര്‍ക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ കാകിനടയില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
പടക്കം നിറച്ച പെട്ടികള്‍ വാഹനത്തില്‍ നിന്ന് ഇറക്കുകയായിരുന്ന തൊഴിലാളികളില്‍ ഒരാള്‍ പെട്ടി നിലത്തേക്കിട്ടപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ആറുപേരാണ് ഉണ്ടായിരുന്നത്. ഇതില്‍ പരിക്കേറ്റ നാല് പേരെ ഗവണ്മെന്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ ജയ് ബാലാജി ട്രാന്‍സ്പോട്ടേഴ്സിലാണ് പടക്കത്തിന്റെ പാഴ്സല്‍ ഇറക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കുണ്ട്, കാകിനട എസ്പി ബിന്ദു മാധവ് എഎന്‍ഐയോട് പ്രതികരിച്ചു. സംഭവസ്ഥലത്തുനിന്ന് രണ്ട് ചാക്ക് പടക്കങ്ങള്‍ പിടിച്ചെടുത്തു. പോലീസ് അന്വേഷണം നടന്നുവരികയാണ്.
Content Highlights: Firecracker Blast Injures 4 in Andhra Pradesh