കോടിയേരിയുടെ രോഗം ഗുരുതരമെന്നും തന്റെ സാമീപ്യം വേണമെന്നും ബിനീഷ്; ജാമ്യം തേടി കോടതിയില്‍

Bineesh Kodiyeri| Photo: Mathrubhumi
Bineesh Kodiyeri| Photo: Mathrubhumi

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി 22-ന് വീണ്ടും പരിഗണിക്കും. ചൊവ്വാഴ്ച കേസില്‍ ഹൈക്കോടതി വാദം കേട്ടപ്പോള്‍ ബിനീഷിനുവേണ്ടി അഡ്വ. കൃഷ്ണന്‍ വേണുഗോപാല്‍ ഹാജരായി. വ്യാഴാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) എതിര്‍വാദം കോടതി കേള്‍ക്കും.

പിതാവിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. കോടിയേരി ബാലകൃഷ്ണന്റെ രോഗം ഗുരുതരമാണെന്നും മകനായ താനുള്‍പ്പടെയുള്ളവരുടെ സാമീപ്യം ആവശ്യമാണെന്നും ബിനീഷ് ജാമ്യാപേക്ഷയില്‍ കോടതിയെ ധരിപ്പിച്ചു.

 കഴിഞ്ഞ ഫെബ്രുവരിയില്‍ ബെംഗളൂരു പ്രത്യേക കോടതി (സെഷന്‍സ് കോടതി) ജാമ്യാപേക്ഷ തള്ളിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമപ്രകാരം കഴിഞ്ഞ ഒക്ടോബര്‍ 29-നാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. അറസ്റ്റുചെയ്തത്. നവംബര്‍ 11-നുശേഷം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) കുറ്റപത്രത്തില്‍ ബിനീഷിനെ പ്രതിചേര്‍ക്കുമെന്നാണ് ഇ.ഡി. കരുതിയതെന്നും എന്നാല്‍, നാലുദിവസം ചോദ്യം ചെയ്തിട്ടും ബിനീഷിനെ പ്രതിചേര്‍ത്തില്ലെന്നും അഭിഭാഷകരിലൊരാളായ രഞ്ജിത് ശങ്കര്‍ പറഞ്ഞു. ഇ.ഡി. കുറ്റപത്രം നല്‍കിയശേഷമാണ് എന്‍.സി.ബി. കുറ്റപത്രം സമര്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: