സംസ്ഥാന പദവി ആവശ്യപ്പെടുമ്പോഴെല്ലാം എന്തുകൊണ്ട് ഭീകരാക്രമണം? അന്വേഷണം വേണമെന്ന് ഫാറൂഖ് അബ്ദുള്ള

#ന്യൂസ് ഡെസ്ക്
ഫറൂഖ് അബ്ദുള്ള | Photo: ANI
ഫറൂഖ് അബ്ദുള്ള | Photo: ANI

ശ്രീനഗർ: കുൽഗാം ഭീകരാക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് നാഷണൽ കോൺഫറൻസ് ആവശ്യപ്പെടുന്ന അവസരങ്ങളിലെല്ലാം ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ബാരാമുല്ലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുൽഗാം ഭീകരാക്രമണത്തിൽ ഛത്തീസ്ഗഢിൽനിന്നുള്ള രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. അവരുടെ കൊലപാതകത്തിൽ ഖേദം അറിയിച്ച ഫാറൂഖ് അബ്ദുള്ള, കൊന്നവവരേയോ കൊല്ലപ്പെട്ടതെങ്ങനെയെന്നോ തങ്ങൾക്കറിയില്ലെന്നും വ്യക്തമാക്കി. കൊലയാളികൾ ആരാണെന്ന് കണ്ടെത്താൻ നിഷ്പക്ഷമായി ഒരന്വേഷണം നടത്തണം. സംസ്ഥാനപദവി ആവശ്യപ്പെടുമ്പോഴെല്ലാം കശ്മീരിൽ എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കാബിനറ്റ് മന്ത്രി ജാവേദ് റാണ, ഉപമുഖ്യമന്ത്രി സുരീന്ദർ കുമാർ ചൗധരി എന്നിവരും ആക്രമണത്തിന്റെ സമയത്തെച്ചൊല്ലി സംശയം പ്രകടിപ്പിച്ചു. സംസ്ഥാന പദവി വീണ്ടെടുക്കുന്നതിന് ചില ഏജൻസികൾക്ക് താത്പര്യമില്ലെന്നും കൊലപാതകത്തിൽ അവർക്ക് പങ്കുണ്ടായേക്കാമെന്നും റാണ പറഞ്ഞു. കൊലപാതകത്തിൽ പാകിസ്താന് പങ്കുണ്ടെങ്കിൽ അവരെ ചോദ്യം ചെയ്യണമെന്നും എന്നാൽ ജമ്മു കശ്മീരിൽ നടക്കുന്ന കൊലപാതകങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ചൗധരി പറഞ്ഞു.

കുൽഗാം ജില്ലയിലെ കേലം മേഖലയിലാണ് ഭീകരാക്രമണമുണ്ടായത്. സംഭവത്തിൽ ദീപക് രത്‌റേ, ബോപിന്ദർ എന്നീ രണ്ട് ഛത്തീസ്ഗഢ് സ്വദേശികളാണ് കൊല്ലപ്പെട്ടത്.

Content Highlights: Farooq Abdullah seeks a fair investigation into the Kulgam terror attack., NC leaders link the timing of the attack to demands for J&K statehood restoration.