കര്‍ഷക സമരം നേരിടാൻ ബാരിക്കേഡുകൾ, ഇന്റര്‍നെറ്റ് വിലക്ക്; പോലീസിന്റെ നിയന്ത്രണത്തിൽ വലഞ്ഞ് പൊതുജനം

#അരുൺ സാബു
Photo: ANI
Photo: ANI

ശംഭു(പഞ്ചാബ്): താങ്ങുവില നിയമപരമാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി കർഷകർ പ്രഖ്യാപിച്ച ഡൽഹി ചലോ മാർച്ചിനെ നേരിടാൻ കേന്ദ്രസർക്കാരും ഹരിയാണ സർക്കാരും വ്യാപക നിയന്ത്രണങ്ങളേർപ്പെടുത്തിയതോടെ ദുരിതത്തിലായി ജനജീവിതം. ഡൽഹിയിലേക്ക് നീളുന്ന ദേശീയപാത 44-ല്‍ പഞ്ചാബ് അതിർത്തികളിലും ഹരിയാണയിലൊട്ടാകെയും ബാരിക്കേഡുകൾ നിരത്തി ഗതാഗതം നിയന്ത്രിക്കുകയാണ് പോലീസ്. 

നേരിട്ട് ദേശീയപാതവഴി യാത്രചെയ്യാനാകാത്ത സ്ഥിതിയാണ്. സർവീസ് റോഡുകളും ഗ്രാമീണ പാതകളും താണ്ടിവേണം ഹരിയാണയുടെ അതിർത്തി മേഖലകൾ കടക്കാൻ. ദേശീയപാതയിലാണ് ട്രാക്ടറുകളും ട്രോളികളുമായി കർഷകർ ക്യാമ്പ് ചെയ്യുന്നതും. ശംഭു, ഖനോരി അതിർത്തികൾ പൂർണമായി അടച്ചു. ഡല്‍ഹിയിലേക്ക് കടക്കുന്ന തിക്രി, ശംഭു അതിര്‍ത്തികളും അടച്ചിട്ട് കാവല്‍ തുടരുകയാണ്. ഇടറോഡുകൾ കിടങ്ങുകുഴിച്ച് ഗതാഗത യോഗ്യമല്ലാതാക്കിയിരിക്കുന്നതിനാൽ അതിർത്തി കടന്നുള്ള യാത്ര ഏറെ പ്രയാസകരമാണ്. ചരക്കുനീക്കവും സംസ്ഥാനാന്തര ബസ് സർവീസുകളുമടക്കം പൊതുഗതാഗത സംവിധാനങ്ങളും താറുമാറായി.

കർഷകസമരം തുടങ്ങിയ ഫെബ്രുവരി 13 മുതൽ ഹരിയാണയിലെയും പഞ്ചാബിലെയും അതിർത്തി മേഖലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കേര്‍പ്പെടുത്തിയ നിരോധനം തുടരുകയാണ്. ഡൽഹി അതിർത്തികളിലും ഇന്റര്‍നെറ്റ് നിയന്ത്രണമുണ്ട്. ഹരിയാണയിൽ ഏഴു ജില്ലകളിൽ ഇന്റർനെറ്റ് വിലക്കേർപ്പെടുത്തി. സവിശേഷാധികാരം ഉപയോഗിച്ചാണ് പഞ്ചാബിൽ കേന്ദ്രസര്‍ക്കാര്‍ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വിലക്കിയത്. സമരം നടക്കുന്ന ശംഭു, ഖനോരി അതിർത്തികളിൽ സാധാരണ ഫോൺ കോളുകൾക്കും നിയന്ത്രണമുണ്ട്.

മൊബൈൽ സേവനനിയന്ത്രണങ്ങൾ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. കർഷകരുടെ തുടര്‍നീക്കം പരിഗണിച്ച് മാത്രമേ നിയന്ത്രണങ്ങൾ നീക്കൂവെന്നാണ് അധികൃതർ നൽകുന്ന സൂചന. 2020-'21 കാലത്തെ കർഷക സമരം പോലെ ഇത്തവണത്തെ പ്രക്ഷോഭം വളരാതിരിക്കാനാണ് കേന്ദ്രം സർവ്വ സന്നാഹങ്ങളുമെടുത്ത് പ്രതിരോധം തീര്‍ക്കുന്നത്.

നിലവിൽ ഡൽഹി ചലോ മാർച്ച് ഫെബ്രുവരി 29 വരെ നിർത്തിവെച്ചിരിക്കുകയാണ്. അതുവരെ പഞ്ചാബ്, ഹരിയാണ അതിർത്തികളിൽ തുടരാനാണ് തീരുമാനം. പോലീസ് നടപടിയിൽ കഴിഞ്ഞദിവസം മരിച്ച യുവ കർഷകന്‍ ശുഭ് കരണ്‍ സിങ്ങിന്‍റെ (21) മരണത്തിൽ പഞ്ചാബ് പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. അതുവരെ പോസ്റ്റുമോർട്ടം അനുവദിക്കില്ലെന്നും കർഷകനേതാക്കള്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ മൃതദേഹം പട്യാല രജീന്ദ്ര ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്  സൂക്ഷിച്ചിരിക്കുന്നത്. മരണത്തില്‍, ശനിയാഴ്ച രാജ്യവ്യാപകമായി അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കാനും സമരത്തിന് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗം തീരുമാനിച്ചിട്ടുണ്ട്.

Content Highlights: farmers protest in delhi