പഞ്ചായത്ത് പ്രസിഡന്റിനെ വിമർശിച്ചു; ജീവിച്ചിരിക്കുന്നവർക്ക് ‘മരണസർട്ടിഫിക്കറ്റ്’ നൽകി സെക്രട്ടറി

ഛത്തർപുർ: തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് പ്രസിഡന്റിനെ വിമർശിച്ചതിന് ജീവിച്ചിരിക്കുന്നവരെ ‘മരിച്ചവരാക്കി’ പഞ്ചായത്ത് സെക്രട്ടറിയുടെ പ്രതികാരം. മധ്യപ്രദേശിലെ ഛത്തർപുർ ജില്ലയിലാണ് സംഭവം. പ്രദേശവാസികളായ മൂന്ന് സ്ത്രീകൾക്ക് ദളിത് ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കാതെവന്നതോടെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ പ്രതികാര നടപടി വെളിച്ചതാകുന്നത്.
ഇവർ പരാതി നൽകിയതിനെത്തുടർന്ന് ചന്ദ്രപുര ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി അമർ സിങ്ങിനെ ജില്ലാപഞ്ചായത്ത് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ നമശിവായ് അർജരിയ സസ്പെൻഡ് ചെയ്തു.
രമാബായ് റൈക്വാർ, ഗിരിജ വിശ്വകർമ, കല്ലു അഹിർവാർ എന്നിവരെയാണ് പഞ്ചായത്ത് സെക്രട്ടറി മരിച്ചവരായി രേഖപ്പെടുത്തിയത്. ഇതോടെ രമാബായിയുടെയും ഗിരിജയുടെയും വിധവാപെൻഷൻ മുടങ്ങി. മൂന്നുപേർക്കും ദളിത് ക്ഷേമപദ്ധതികളുടെ ആനുകൂല്യവും നിലച്ചു.
തുടർന്ന് ഇവർ ഏപ്രിൽ 17-ന് നൽകിയ പരാതിയിലാണ് പഞ്ചായത്ത് സെക്രട്ടറിക്കെതിരേ നടപടിയുണ്ടായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരേ പ്രവർത്തിച്ചതിന്റെ പ്രതികാരമായാണ് ഇങ്ങനെ ചെയ്തതെന്ന് പരാതിക്കാരുടെ ആരോപണം.
എന്നാൽ, സെക്രട്ടറിക്ക് കംപ്യൂട്ടർ കൈകാര്യംചെയ്യുന്നതിലുള്ള അറിവില്ലായ്മമൂലം സംഭവിച്ച പിഴവാകാം ഇതെന്നാണ് അധികൃതരുടെ വിശദീകരണം.
Content Highlights: Three women in Chattarpur, MP, were falsely declared dead in official records. The act was allegedly revenge for criticizing the Panchayat President during elections. The victims were denied widow pensions and Dalit welfare scheme benefits. Panchayat Secretary Amar Singh has been suspended by the District CEO. Authorities claim the error might be due to a lack of technical knowledge.