150 കിലോ സ്ഫോടകവസ്തുക്കൾ നിറച്ച കാർ രാജസ്ഥാനിൽ പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

ജയ്പുർ: രാജസ്ഥാനിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ പിടികൂടി. ടോങ്ക് ജില്ലയിലാണ് സംഭവം. യൂറിയ വളത്തിന്റെ ചാക്കിൽ ഒളിപ്പിച്ച നിലയിൽ150 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് മാരുതി സിയാസ് കാറിലുണ്ടായിരുന്നത്. ഇത് കൂടാതെ സ്ഫോടനത്തിനുപയോഗിക്കുന്ന 1100 മീറ്റർ ഫ്യൂസ് വയറും 200 ബാറ്ററികളും പോലീസ് പിടിച്ചെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായതായി ടോങ്ക് ഡിഎസ്പി മൃത്യുഞ്ജയ് മിശ്ര പറഞ്ഞു. സുരേന്ദ്ര മോച്ചി, സുരേന്ദ്ര പട്‌വ എന്നീ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. പുതുവർഷത്തലേന്ന് വലിയ അളവിൽ സ്‌ഫോടകവസ്തുക്കൾ പിടികൂടിയത് ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്.

ബുന്ദിയിൽനിന്ന് ടോങ്കിലേക്ക് സ്ഫോടകവസ്തുക്കൾ കൊണ്ടുപോകുന്നെന്ന വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് വഴി തടഞ്ഞ് പിടികൂടുകയായിരുന്നു. 

Content Highlights: explosive laden car seized in rajastan