മഹുവയ്ക്ക് ഔദ്യോഗിക വസതിയും നഷ്ടമായേക്കും, ലോക്‌സഭാ ഹൗസിങ് കമ്മിറ്റി നടപടികള്‍ തുടങ്ങി

മഹുവ മൊയ്ത്ര | Photo: PTI
മഹുവ മൊയ്ത്ര | Photo: PTI

ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴവാങ്ങിയെന്ന ആരോപണത്തില്‍ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയ്ക്ക് വൈകാതെ ഔദ്യോഗിക വസതിയും ഒഴിയേണ്ടി വന്നേക്കും. ഇതു സംബന്ധിച്ച നടപടികള്‍ ആരംഭിക്കുന്നതിനായി ലോക്‌സഭ ഹൗസിങ് കമ്മിറ്റി നഗരവികസന മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ പ്രത്യേക ക്വാട്ടയിലൂടെയായിരുന്നു മഹുവയ്ക്ക് വസതി അനുവദിച്ചത്.

ലോക്സഭയില്‍ ചോദ്യം ചോദിക്കുന്നതിന് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്ന് ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെയാണ് ലോക്‌സഭയില്‍ ആരോപണം ഉന്നയിച്ചിരുന്നത്. ഇതിനായി മഹുവയുടെ ലോഗിന്‍ ഐ.ഡി.യും പാസ്വേര്‍ഡും ദര്‍ശന് നല്‍കിയെന്നും ആരോപണമുണ്ടായിരുന്നു. തുടര്‍ന്ന് ഇത് സ്പീക്കര്‍ പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് വിടുകയായിരുന്നു. പരാതി അന്വേഷിച്ച എത്തിക്‌സ് കമ്മിറ്റിയാണ് മഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് പരിഗണിച്ച് പ്രമേയം അവതരിപ്പിച്ചാണ് ഡിസംബര്‍ എട്ടിന് ലോക്‌സഭയില്‍ നിന്ന് മഹുവയെ പുറത്താക്കിയത്.

നടപടി ചോദ്യംചെയ്ത് തിങ്കളാഴ്ച മഹുവ മൊയ്ത്ര സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പശ്ചിമബംഗാളിലെ കൃഷ്ണനഗറില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് 49-കാരിയായ മഹുവ.

Content Highlights: Expelled As MP, Trinamool's Mahua Moitra May Lose Official Residence Soon