എഐഎഡിഎംകെ പുറത്താക്കിയ പ്രമുഖ നേതാവ് ടിവികെയിലേക്ക്; വിജയ്‌യുടെ സാന്നിധ്യത്തില്‍ അംഗത്വമെടുത്തു

ചെന്നൈ: എഐഎഡിഎംകെയില്‍നിന്ന് പുറത്താക്കപ്പെട്ട തമിഴ്‌നാട്ടിലെ പ്രമുഖ നേതാവ് കെ.എ. സെങ്കോട്ടയ്യന്‍, നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ ടിവികെയില്‍ ചേര്‍ന്നു. പനൈയൂരിലെ ടിവികെ ഓഫീസില്‍ അനുയായികളുമൊത്ത് എത്തിയ സെങ്കോട്ടയ്യന്‍ വിജയ്‌യുടെ സാന്നിധ്യത്തിലാണ് അംഗത്വമെടുത്തത്. പിന്നാലെ കോയമ്പത്തൂര്‍, ഈറോഡ്, തിരുപ്പുര്‍, നീലഗിരി ജില്ലകളിലെ ടിവികെയുടെ ഓര്‍സനൈസേഷണല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സെങ്കോട്ടയ്യനെ നിയമിക്കുകയും ചെയ്തു.
ഗോപിചെട്ടിപാളയം എംഎല്‍എ സ്ഥാനം കഴിഞ്ഞദിവസം സെങ്കോട്ടയ്യന്‍ രാജിവെച്ചിരുന്നു. തൊട്ടുപിറ്റേന്നാണ് ടിവികെയില്‍ അംഗത്വമെടുത്തത്. എഐഎഡിഎംകെ സ്ഥാപകന്‍ എം.ജി. രാമചന്ദ്രന്റെ കാലംമുതല്‍ക്ക് പാര്‍ട്ടിയിലുണ്ടായിരുന്ന നേതാവായിരുന്നു സെങ്കോട്ടയ്യന്‍. ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിസ്ഥാനത്തേക്കു പോലും പരിഗണിക്കപ്പെട്ട നേതാവിനെ പാളയത്തിലെത്തിക്കുന്നത് ഏറെ ഗുണംചെയ്യുമെന്നാണ് ടിവികെയുടെ വിലയിരുത്തല്‍.
പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ നേതാക്കളുമായി സഖ്യംചേര്‍ന്നുവെന്ന് ആരോപിച്ചായിരുന്നു ഒന്‍പതുവട്ടം എംഎല്‍എയായിരുന്ന സെങ്കോട്ടയ്യനെതിരെ കഴിഞ്ഞമാസം എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി നടപടി കൈക്കൊണ്ടത്.
Content Highlights: expelled aiadmk leader senkottaiyan joins tvk