കേരളത്തില്‍ മൂന്നും നാലും പാത, റെയില്‍ വികസനത്തിനുള്ള DPR തയ്യാറാകുന്നു- അശ്വിനി വൈഷ്ണവ്

ന്യൂഡല്‍ഹി: കേരളത്തിലെ റെയില്‍വേ ശൃംഖല വികസിപ്പിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ (ഡിപിആര്‍) തയ്യറാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്‌സഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തുടനീളം റെയില്‍ ഗതാഗത ശേഷി വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് വൈഷ്ണവ് പറഞ്ഞു. കേരളത്തിന് പുതിയ ട്രെയിനുകള്‍ നല്‍കുന്നത് ട്രാക്ക് വികസനത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ കേരളത്തിന്റെ റെയില്‍വേ വികസനത്തിന് എന്ത് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു.
'കേരളത്തിലെ റെയില്‍വേ ശൃംഖലയുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ എങ്ങനെയാണ് ശ്രമിക്കുന്നതെന്ന് ഞാന്‍ പറയാം. 60 വര്‍ഷം ഈ രാജ്യം ഭരിച്ച കോണ്‍ഗ്രസ് കേരളത്തില്‍ എന്ത് ചെയ്തു? പുതിയ ട്രെയിനുകള്‍ കൊണ്ടുവരണമെങ്കില്‍ റെയില്‍വേ ട്രാക്കുകളുടെ ശേഷി വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഞങ്ങളുടെ സര്‍ക്കാര്‍ കേരളത്തിലെ അതിപ്രധാനമായ മുഴുവന്‍ റെയില്‍വേ ശൃംഖലയുടെയും ഡിപിആര്‍ തയ്യാറാക്കല്‍ ഏറ്റെടുത്തിരിക്കുകയാണ്..' അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഷൊര്‍ണൂര്‍ - എറണാകുളം 3-ാം പാത, എറണാകുളം - കായംകുളം 3-ാം പാത, കായംകുളം - തിരുവനന്തപുരം 3-ാം പാത, തിരുവനന്തപുരം - നാഗര്‍കോവില്‍ 3-ാം പാത, ഷൊര്‍ണൂര്‍ - മംഗളൂരു 3-ഉം 4-ഉം പാതകള്‍, ഷൊര്‍ണൂര്‍ - കോയമ്പത്തൂര്‍ 3-ഉം 4-ഉം പാതകള്‍ എന്നിവയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ടുകളാണ് തയ്യാറായി വരുന്നതെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു.
Content Highlights: Indian Railways to Expand Kerala Rail Network: DPRs Underway for Capacity Boost