കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്‌സ്വാൾ അന്തരിച്ചു

കാൻപുർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്‌സ്വാൾ (81) അന്തരിച്ചു. 2004-2014 കാലയളവിൽ മൻമോഹൻ സിങ് മന്ത്രിസഭയിൽ ആഭ്യന്തരസഹമന്ത്രിയായും കൽക്കരി മന്ത്രാലയത്തിന്റെ ചുമതലയും വഹിച്ചിരുന്നു. ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1999, 2004, 2009 കാലയളവിൽ കാൻപുരിൽനിന്ന് ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
ഹൈക്കമാൻഡിന്റെ വിശ്വസ്തനായ നേതാവായിരുന്ന ജയ്‌സ്വാൾ 1989-ൽ കാൻപുർ മേയറായാണ് പൊതുരംഗത്ത് സജീവമായത്. 2009-ൽ ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥികൾക്കുനേരേ ആക്രമണമുണ്ടായപ്പോൾ അവിടെയെത്തി വിദ്യാർഥികളെ സന്ദർശിക്കുകയും അത് അന്താരാഷ്ട്ര ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ സജീവരാഷ്ട്രീയത്തിൽനിന്ന് പിൻമാറി. ശ്രീപ്രകാശിന്റെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കമുള്ള നേതാക്കൾ അനുശോചിച്ചു.