മധ്യപ്രദേശില്‍ മുന്‍ PWD എഞ്ചീനീയറുടെ വീട്ടില്‍ റെയ്ഡ്: കണ്ടെത്തിയത് അനധികൃത സ്വത്തിന്റെ കൂമ്പാരം

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിരമിച്ച പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) ചീഫ് എഞ്ചിനീയര്‍ ജി.പി. മെഹ്‌റയുടെ വസതിയിലും മറ്റ് സ്വത്തുക്കളിലും ലോകായുക്ത നടത്തിയ റെയ്ഡില്‍ അവിശ്വസനീയമായാം വിധം സമ്പത്ത് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു
അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള പരാതിയില്‍ തുടങ്ങിയ ചെറിയ അന്വേഷണമാണ് ഇത്തരത്തില്‍ വന്‍ അഴിമതി മറനീക്കി പുറത്ത് വന്നത്. റെയ്ഡില്‍ പിടിച്ചെടുത്ത പണം എണ്ണിത്തീര്‍ക്കാന്‍ യന്ത്രങ്ങള്‍ കൊണ്ടുവരേണ്ടിവന്നു ഉദ്യോഗസ്ഥര്‍ക്ക്. 3 കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണവും കിലോക്കണക്കിന് വെള്ളിയുമടക്കം പിടിച്ചെടുത്തു.
ലോകായുക്തയിലെ നാല് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിഎസ്പി) റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന മിന്നല്‍ പരിശോധന ഭോപ്പാലിലെയും നര്‍മ്മദാപുരത്തെയും നാല് സ്ഥലങ്ങളിലേക്ക് വ്യാപിച്ചു.
നര്‍മ്മദാപുരത്തെ സോഹാഗ്പുറിലുള്ള മെഹ്റയുടെ ഫാംഹൗസ് ആഡംബരങ്ങളുടെ സാമ്രാജ്യമായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ആഡംബര കാറുകളും കോട്ടേജുകളും ഒരു ക്ഷേത്രവും അടക്കം ഉള്‍ക്കൊള്ളുന്നതായിരുന്നു ഈ ഫാംഹൗസ്.
ഗോവിന്ദ്പുര ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ മെഹ്‌റയുടെ ബിസിനസ് കേന്ദ്രങ്ങളിലും റെയ്ഡ് നടന്നു. മണിപുരം കോളനിയിലെ മെഹ്‌റയുടെ ആഡംബര വസതിയില്‍ നിന്ന് 8.79 ലക്ഷം രൂപ പണമായും, ഏകദേശം 50 ലക്ഷം രൂപയുടെ ആഭരണങ്ങളും, 56 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും കണ്ടെത്തി.
ദാനാ പാനിക്കടുത്തുള്ള ഓപല്‍ റീജന്‍സിയിലെ അദ്ദേഹത്തിന്റെ രണ്ടാമത്തെ വസതിയായ ആഡംബര അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന റെയ്ഡില്‍ സ്വര്‍ണം-വെള്ളി ശേഖരം കണ്ടെടുത്തു. 26 ലക്ഷം രൂപ പണമായി ഇവിടെ നിന്ന് ലഭിച്ചു, 3.05 കോടി രൂപ വിലമതിക്കുന്ന 2.6 കിലോഗ്രാം സ്വര്‍ണ്ണവും, 5.5 കിലോഗ്രാം വെള്ളിയും ഇതിലുണ്ടായിരുന്നു.
പലയിടങ്ങളില്‍ നിന്നായി ഇതുവരെ പിടിച്ചെടുത്തതിന്റെ കണക്കുകള്‍ ഇങ്ങനെയാണ്; 36.04 ലക്ഷം രൂപ പണമായി, 2.649 കിലോ സ്വര്‍ണം, 5.523 കിലോ വെള്ളി, സ്ഥിരനിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍, ഓഹരി രേഖകള്‍, ഒന്നിലധികം സ്വത്തുക്കള്‍, കൂടാതെ നാല് ആഡംബര കാറുകളും. ആസ്തികളുടെ മൂല്യനിര്‍ണ്ണയം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നും അത് കോടിക്കണക്കിന് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോകായുക്ത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.. അതേസമയം, പിടിച്ചെടുത്ത രേഖകള്‍, ഡിജിറ്റല്‍ ഫയലുകള്‍, ബാങ്കിംഗ് രേഖകള്‍ എന്നിവ പരിശോധിക്കാന്‍ ഫോറന്‍സിക് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. മെഹ്റയുടെ ബിനാമി നിക്ഷേപങ്ങള്‍ കണ്ടെത്താനായി അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിച്ച് വരികയാണെന്നും അധികൃതര്‍ പറഞ്ഞു.
Content Highlights: Lokayukta raids former PWD Chief Engineer G.P. Mehra`s properties in Madhya Pradesh, uncovering vast wealth