സാമ്പത്തിക സംവരണം: ഭരണഘടനാബെഞ്ച് കടക്കുമോ? സുപ്രധാനമായ വിധി 10.30-ന്

#ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ്
Supreme Court | Photo -  PTI
Supreme Court | Photo - PTI

ന്യൂഡല്‍ഹി: മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയതിനെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് തിങ്കളാഴ്ച വിധി പ്രസ്താവിക്കും.  103-ാം ഭരണഘടനാ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചുള്ള ഹര്‍ജികളിലാണ് വിധി പ്രസ്താവിക്കുന്നത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അംഗങ്ങളായ ചീഫ് ജസ്റ്റിസ് യു.യു ലളിതും, ജസ്റ്റിസ് രവീന്ദ്ര ഭട്ടും പ്രത്യേക വിധികളാണ് പ്രസ്താവിക്കുന്നത്. 

ചീഫ് ജസ്റ്റിസ് ലളിത് എഴുതിയ വിധിയോട് ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ദിനേശ് യോജിക്കുന്നു എന്നാണ് സുപ്രീം കോടതി പുറത്തിറക്കിയ കേസ് പട്ടികയില്‍ രേഖപെടുത്തിയിരിക്കുന്നത്. ജസ്റ്റിസ് രവീന്ദ്ര ഭട്ട് എഴുതിയ വിധി ന്യായത്തോട് ജസ്റ്റിസ്മാരായ ബേല എം ത്രിവേദി,  ജെ.ബി പര്‍ടിവാല എന്നിവര്‍ യോജിക്കുന്നുവെന്നാണ് രേഖപെടുത്തിയിരിക്കുന്നത്. രണ്ടും ഭിന്ന വിധികള്‍ ആണെങ്കില്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ട് എഴുതിയ വിധിയാകും നിലനില്‍ക്കുക. രാവിലെ 10.30 ന് ആണ് വിധി പ്രസ്താവം. 

എന്താണ് 103-ാം ഭരണഘടനാ ഭേദഗതി

2019 ജനുവരിയിലാണ്  103-ാമത് ഭരണഘടനാ ഭേദഗതി പാര്‍ലമെന്റ് പാസാക്കുന്നത്. ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങളില്‍ ഭേദഗതി ചെയതാണ് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്. സര്‍ക്കാര്‍, സ്വകാര്യ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് സംവരണം ഏര്‍പ്പെടുത്താന്‍ സാധിക്കും. 

സുപ്രീം കോടതി ഭരണഘടന ബെഞ്ച് പരിഗണിച്ച വിഷയങ്ങള്‍ 

മൂന്ന് പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്കാണ് ഭരണഘടനാ ബെഞ്ച് ഉത്തരം നല്‍കുന്നത് 

1. സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണോ ? 103-ാം ഭരണഘടനാ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നതാണോ?

2. സ്വകാര്യ അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് പ്രവേശനത്തിന് പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടാക്കാന്‍ സംസ്ഥാനത്തെ അനുവദിക്കുക വഴി ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നുണ്ടോ?

3. എസ്.സി, എസ്.ടി, ഒബിസി വിഭാഗങ്ങളെ സാമ്പത്തിക സംവരണത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത് ഭരണഘടന മുന്നോട്ടു വയ്ക്കുന്ന സംവരണത്തിന്റെ അടിസ്ഥാന ഘടനയെ ബാധിക്കുന്നതാണോ?

സംവരണത്തിന്റെ പരിധി 50 ശതമാനം കടക്കരുതെന്നാണ്  ഇന്ദിര സാഹ്നി കേസില്‍ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിട്ടുള്ളത്. ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധയ്‌ക്കേണ്ടെന്ന് മറാഠ സംവരണ കേസില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്  വിധിച്ചിരുന്നു. നിലവിലുള്ള സംവരണത്തിന് പുറമെ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിന് കൊണ്ടുവന്ന പത്ത് ശതമാനം ഭരണഘടനാ പരമാണോ എന്ന കാര്യത്തിലും സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നിലപാട് വ്യക്തമാക്കും.

കേന്ദ്ര സര്‍ക്കാരിന്റെ വാദം 

മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണം എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ അവകാശം കവരുന്നില്ല. അതുകൊണ്ട് തന്നെ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നില്ല.

സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിന് കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമായി 2.1 ലക്ഷം സീറ്റുകള്‍ അനുവദിച്ചു. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളില്‍ പെട്ട വിദ്യാര്‍ത്ഥികളുടെ സംവരണത്തെ അതിനാല്‍ ബാധിക്കില്ല.

പൗരന്മാര്‍ക്ക് സാമ്പത്തിക നീതി ഉറപ്പാക്കുന്ന 103 ആം ഭരണഘടന ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ശക്തിപെടുത്തും. 

സംവരണം അമ്പത് ശതമാനം കടക്കരുതെന്ന ചട്ടം മാറ്റാനാകാത്തതല്ല.

സാമ്പത്തിക സംവരണം എതിര്‍ക്കുന്നവരുടെ വാദം 

സംവരണം നല്‍കുന്നതിന് സാമ്പത്തികസ്ഥിതി കണക്കിലെടുക്കുന്നത് ഭരണഘടനാ വിരുദ്ധം. 

സംവരണം അമ്പത് ശതമാനം കടന്നുകൂടാ എന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ഭരണഘടനാ ഭേദഗതി.

ഭരണഘടനാ ഭേദഗതിയെ തമിഴ്‌നാട് എതിര്‍ത്തു. കേരളം നിലപാട് വ്യക്തമാക്കിയില്ല 

സാമ്പത്തിക സംവരണം ഏര്‍പെടുത്തുന്നതിനായി കൊണ്ട് വന്ന 103-ാം ഭരണഘടന ഭേദഗതി റദ്ദാക്കണമെന്ന ആവശ്യം തമിഴ്‌നാട് സര്‍ക്കാര്‍ അഞ്ചംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ ഉന്നയിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ ശേഖര്‍ നാഫ്‌ഡേയാണ് തമിഴ്‌നാട് സര്‍ക്കാരിനുവേണ്ടി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ഹാജരായത്. 103-ാം ഭരണഘടന ഭേദഗതി സുപ്രീം കോടതി ശരിവച്ചാല്‍ ഇന്ദിര സാഹ്നി കേസില്‍ സംവരണത്തിന് ഏര്‍പ്പെടുത്തിയ പരിധി പുനഃപരിശോധിക്കണമെന്നും തമിഴ് നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.

സാമ്പത്തിക സംവരണ കേസില്‍ ഭരണഘടന ബെഞ്ചിന് മുമ്പാകെ കേരളം നിലപാട് വ്യക്തമാക്കിയില്ല. ഏഴ് ദിവസം നീണ്ടുനിന്ന വാദത്തിനിടയില്‍ കേരളത്തിന്റെ അഭിഭാഷകര്‍ ആരും കോടതിയില്‍ ഈ കേസിനായി ഹാജരായിരുന്നില്ല. ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക സംവരണം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം.
 

Content Highlights: ESW quota Supreme Court verdict