ഇഎസ്ഐ ശമ്പളപരിധി കൂട്ടാതെ എട്ടുവര്‍ഷം; തൊഴില്‍മന്ത്രിയുടെ ഉറപ്പും നടപ്പായില്ല

ന്യൂഡല്‍ഹി: അംഗങ്ങളുടെ പ്രധാന പ്രശ്‌നങ്ങളൊന്നും അജന്‍ഡയിലുള്‍പ്പെടുത്താതെ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സിന്റെ (ഇഎസ്ഐ) 196-ാമത് യോഗം വെള്ളിയാഴ്ച നടക്കും. ഇഎസ്ഐ പദ്ധയില്‍ അംഗമാകാനുള്ള കൂടിയ ശമ്പളപരിധി എട്ടുവര്‍ഷം മുന്‍പ് നിശ്ചയിച്ച 21,000 രൂപയില്‍നിന്ന് ഗണ്യമായി വര്‍ധിപ്പിക്കണമെന്ന ദീര്‍ഘകാല ആവശ്യംപോലും അജന്‍ഡയിലില്ല.
ശമ്പളപരിധി വര്‍ധിപ്പിക്കുന്നത് അടുത്ത യോഗത്തില്‍ പരിഗണിക്കാമെന്ന് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ നടന്ന 194-ാമത് ഇഎസ്ഐ കോര്‍പ്പറേഷന്‍ യോഗത്തിനുശേഷം തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ക്ക് കേന്ദ്ര തൊഴില്‍മന്ത്രി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഡിസംബറില്‍ നടന്ന അടുത്ത യോഗത്തില്‍ ഇക്കാര്യം പരിഗണിച്ചില്ല. മാത്രവുമല്ല, വെള്ളിയാഴ്ച ഷിംലയില്‍ നടക്കാനിരിക്കുന്ന യോഗത്തിന്റെ അജന്‍ഡയിലും ഇതുള്‍പ്പെടെ അംഗങ്ങളെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അറിയുന്നു.
പ്രതിവര്‍ഷം പത്തുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ഇഎസ്ഐ പദ്ധയില്‍ അംഗമാകാനുള്ള പരമാവധി ശമ്പളം 21,000 രൂപയാക്കിയത് 2017-ലാണ്. അതിനുശേഷം ശമ്പളം വര്‍ധിച്ചതുവഴി 80 ലക്ഷത്തിലേറെപ്പേര്‍ അംഗത്വത്തില്‍നിന്ന് പുറത്തായി. വേതന പരിധി 30,000 രൂപയാക്കി ഉയര്‍ത്തണമെന്ന് ഇഎസ്ഐയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ ശുപാര്‍ശ ചെയ്‌തെങ്കിലും ബോര്‍ഡ് തീരുമാനമെടുത്തിട്ടില്ല.
ശമ്പള പരിധി 42,000 രൂപയാക്കി ഉടന്‍ വര്‍ധിപ്പിക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെടുന്നു. ഇഎസ്ഐ ആശുപത്രികളുടെ ശോചനീയാവസ്ഥ പരിഹരിക്കല്‍, ജീവനക്കാരുടെ ഒഴിവ് നികത്തല്‍ തുടങ്ങിയ വിഷയങ്ങളും തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിക്കും.
ഇഎസ്ഐ ആശുപത്രിയിലെത്തുന്ന രോഗികളെ അവിടെ സൗകര്യമില്ലെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്കു മാത്രമേ റഫര്‍ ചെയ്യാവൂ എന്ന് കാട്ടി 2022-ല്‍ കോര്‍പ്പറേഷന്‍ ഇറക്കിയ നിര്‍ദേശം പിന്‍വലിക്കണമെന്നും ആവശ്യപ്പെടും.
ബോര്‍ഡ് തീരുമാനിക്കാത്ത കാര്യം നിര്‍ദേശിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെടുമെന്ന് ഇഎസ്ഐ കോര്‍പ്പറേഷന്‍ അംഗവും ബിഎംഎസ് പ്രതിനിധിയുമായ എസ്. ദുരൈരാജ് പറഞ്ഞു. വിവിധ വിഷയങ്ങളില്‍ മറ്റ് സിഐടിയു, എഐടിയുസി, യുടിയുസി തുടങ്ങിയ യൂണിയനുകളുടെ സഹകരണവും തേടുമെന്ന് അദ്ദേഹം അറിയിച്ചു.
Content Highlights: ESI Meeting Ignores Key Employee Issues