തമിഴ്നാട്ടിൽ താപവെെദ്യുത നിലയത്തിൽ നിർമാണ പ്രവർത്തനത്തിനിടെ അപകടം; 9 അതിഥിത്തൊഴിലാളികൾക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്ടിൽ താപവൈദ്യുതി നിലയത്തില്‍ നിർമാണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ അപകടത്തിൽ ഒന്‍പത് മരണം. അസമില്‍നിന്നുള്ള ഒന്‍പത് അതിഥിത്തൊഴിലാളികളാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കറ്റു. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. പൊന്നേരിക്ക് സമീപം എന്നൂരിലെ താപവൈദ്യുതി നിലയത്തിലെ നിര്‍മാണ സ്ഥലത്താണ് അപകടം.
1,320 മെഗാവാട്ട് മെഗാവാട്ട് ശേഷിയുള്ള എന്നൂര് പ്രത്യേക സാമ്പത്തിക മേഖലയിലെ താപവൈദ്യുതി നിലയത്തിനായി ഒരു കോണ്‍ക്രീറ്റ് കമാനം നിര്‍മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കമാനം നിര്‍മിക്കുന്നതിനായി സ്ഥാപിച്ച ഇരുമ്പുതട്ട് തകര്‍ന്നുവീഴുകയായിരുന്നു. 20 അടിയിലധികം ഉയരത്തിലായിരുന്നു തൊഴിലാളികൾ ജോലിചെയ്തിരുന്നത്. സഹപ്രവര്‍ത്തകര്‍ ഉടന്‍തന്നെ പത്തുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഒന്‍പത് പേരും വഴിമധ്യേ മരിച്ചു.
മരിച്ച ഒന്‍പതുപേരെയും തിരിച്ചറിഞ്ഞു. മുന്നകെംപ്രല്, വിദയും പ്രവോത്ഷ, സുമോന് കരികാപ്പ്, ദീപക് റൈജിയുങ്, സര്ബോനിത് തോസെന്‍, പ്രാന്റോ സൊറോങ്, പബന്‍ സൊറോങ്, ഫൈബിത് ഫോങ്ലോ, ബിമരാജ് തൗസന്‍ എന്നിവരാണ് മരിച്ചത്. എല്ലാവരും അസം സ്വദേശികളാണ്. തമിഴ്നാട് പവര്‍ ഡിസ്ട്രിബ്യൂഷന്‍ കോര്പ്പറേഷന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജെ. രാധാകൃഷ്ണന്, വൈദ്യുതി വകുപ്പ് ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ ആശുപത്രി സന്ദര്‍ശിച്ചു.
Content Highlights: Ennore Thermal Power Project Site: Scaffolding Failure Leads to Nine Deaths