തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നാളെ; ത്രിപുരയില്‍ സസ്‌പെന്‍സ്, CPM- കോണ്‍ഗ്രസ് സഖ്യം ഫലംകാണുമോ ?

ന്യൂഡല്‍ഹി: ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ തിരഞ്ഞെടുപ്പ് ഫലം നാളെ. സിപിഎമ്മില്‍ നിന്ന് കഴിഞ്ഞ തവണ ബിജെപി പിടിച്ച ത്രിപുരയിലെ ഇത്തവണത്തെ ഫലം രാജ്യം ഉറ്റുനോക്കുന്നു. നാഗാലാന്‍ഡില്‍ എന്‍ഡിപിപി - ബിജെപി സഖ്യം അധികാരം നിലനിര്‍ത്തുമെന്നും മേഘാലയയില്‍ തൂക്കുസഭ ആയിരിക്കുമെന്നും എക്സിറ്റ് പോളുകള്‍ പറയുന്നു. മഹാരാഷ്ട്രയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേയ്ക്കും തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തിലേയ്ക്കും നടന്ന ഉപതിരഞ്ഞെടുപ്പ് ഫലവും നാളെ അറിയാം.
പതിറ്റാണ്ടുകള്‍ നീണ്ട വൈരവും ആ വൈരത്തിലൂടെ ജീവന്‍ നഷ്ടപ്പെട്ട പ്രവര്‍ത്തകരുടെ ഓര്‍മകളും ഓരത്തേയ്ക്ക് മാറ്റിവെച്ച് ത്രിപുരയില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ചത് ബിജെപിയെ പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തിലാണ്. എന്നാല്‍ ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങളുടെ എക്സിറ്റ് പോളുകളില്‍ മിക്കവയും ബിജെപി സഖ്യത്തിന് തുടര്‍ ഭരണം പ്രവചിക്കുന്നു. ചില പ്രാദേശിക മാധ്യമങ്ങള്‍ ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന് 42 സീറ്റ് വരെ ലഭിക്കും എന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയുണ്ടായാല്‍ പ്രദ്യുത് ദേബ് ബര്‍മന്റെ തിപ്ര മോത പാര്‍ട്ടിയുടെ നിലപാടിനനുസരിച്ചാകും സര്‍ക്കാര്‍ രൂപീകരണം. മുഖ്യമന്ത്രിയായോ ഉപമുഖ്യമന്ത്രിയായോ പ്രദ്യുത് വന്നാലും അത്ഭുതപ്പെടേണ്ടിവരില്ല എന്ന് ചരുക്കം. ആദിവാസി മേഖലയിലെ വോട്ട് ബിജെപി സഖ്യത്തില്‍ നിന്ന് തിപ്ര മോത പിടിച്ചെടുക്കാനാണ് സാധ്യത. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇപ്പോള്‍ തന്നെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നടക്കുന്നുണ്ട്. ചില പ്രദേശങ്ങളില്‍ പ്രാദേശിക കൂട്ടായ്മകളുടെ നേതൃത്വത്തില്‍ സമാധാന യാത്രകള്‍ നടക്കുന്നു.
മേഘാലയയില്‍ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ എന്‍പിപി തന്നെ വലിയ ഒറ്റക്കക്ഷിയാകും എന്ന് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നുണ്ട്. എന്നാല്‍ കേവല ഭൂരിപക്ഷം ലഭിക്കാനിടയില്ല. തിരഞ്ഞെടുപ്പില്‍ പരസ്പരം ഏറ്റുമുട്ടി എങ്കിലും എന്‍പിപി ബിജെപിയുമായി വീണ്ടും സഖ്യത്തിലാകാനുള്ള സാധ്യത തെളിഞ്ഞു. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുമായി കോണ്‍റാഡ് സാങ്മ കഴിഞ്ഞ ദിവസം ഗുവാഹത്തിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. സഖ്യം സംബന്ധിച്ച ധാരണ ഈ കൂടിക്കാഴ്ചയില്‍ ഉണ്ടായതായാണ് വിവരം. പല തവണ മേഘാലയ ഭരിച്ച കോണ്‍ഗ്രസ് ഇത്തവണ തകര്‍ന്നടിയുമെന്നും കോണ്‍ഗ്രസ് വോട്ടുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്നും വിലയിരുത്തലുകളുണ്ട്. തൃണമൂലിന് 14 സീറ്റ് വരെ ലഭിക്കാനുള്ള സാധ്യത ചില എക്സിറ്റ് പോളുകള്‍ പറയുന്നു. നാഗാലാന്‍ഡില്‍ പക്ഷേ വലിയ മത്സരം നടക്കുന്നില്ല. മുഖ്യമന്ത്രി നെഫ്യു റിയോയുടെ എന്‍ഡിപിപിയും ബിജെപിയും ചേര്‍ന്നുള്ള സഖ്യം ആകെയുള്ള അറുപതില്‍ നാല്‍പ്പത്തി അഞ്ച് വരെ സീറ്റ് നേടാനുള്ള സാധ്യത കല്‍പ്പിക്കപ്പെടുന്നു. എന്‍പിഎഫ് പത്ത് സീറ്റിലേയ്ക്ക് പതിക്കുമെന്നും എക്സിറ്റ് പോളുകള്‍ വ്യക്തമാക്കി.
തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസും അണ്ണാ ഡിഎംകെയും തമ്മിലായിരുന്നു മത്സരം. സിറ്റിംഗ് സീറ്റ് നിലനിര്‍ത്തും എന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇവികെഎസ് ഇളങ്കോവന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുന്‍ എംഎല്‍എ കെ.എസ് തെന്നരശാണ് അണ്ണാഡിഎംകെ സഖ്യ സ്ഥാനാര്‍ത്ഥി. മഹാരാഷ്ട്രയിലെ ചിദ്വദ്, കസ്ബ പേത്ത് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം മഹാ വികാസ് അഖാഡി സഖ്യത്തിന് പ്രധാനമാണ്.
Content Highlights: Election result Thripura Nagaland Meghalaya