'തെരുവിൽ കഴിയുന്നവരടക്കം വീടില്ലാത്ത നിരവധിപേർ രാജ്യത്തുണ്ട്'; വീട്ടുപേര് '0' ആരോപണത്തിൽ ECI

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി' ആരോപണത്തിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷണർ. വോട്ടർപട്ടികയിൽ വീട്ടുനമ്പറിന് നേരെ '0' എന്ന് ചേർത്തതിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. സ്വന്തമായി വീടില്ലാത്ത ഒട്ടേറെ പേർ രാജ്യത്തുണ്ടെന്നും അവർക്ക് വീട്ടുനമ്പർ രേഖപ്പെടുത്താൻ സാധിക്കാത്തതുകൊണ്ടാണ് '0' എന്ന് നൽകിയിരിക്കുന്നതെന്നുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം.
പാലങ്ങൾക്കടിയിൽ, തെരുവുവിളക്കിന് കീഴെ, നഗരങ്ങളിലെ അനധികൃത കോളനികളിൽ ഒക്കെ കിടന്നുറങ്ങുന്ന നിരവധി പേർ രാജ്യത്തുണ്ട്. ഒരു വോട്ടറെ പോലും ഒഴിവാക്കാതിരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ശ്രമിക്കാറുണ്ട്. അത്തരത്തിലുള്ളവർക്കാണ് ഇങ്ങനെയുള്ള വിലാസം നൽകിയിരിക്കുന്നത് എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി. വോട്ടിന് വിലാസം ആയിരുന്നില്ല മാനദണ്ഡം, ദേശീയത, ബൂത്ത്, പ്രായപൂർത്തി എന്നതായിരുന്നു മാനദണ്ഡമെന്നും തിരഞ്ഞെടുപ്പ് കമ്മിഷണർ കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധി ഉയർത്തിയ 'വോട്ട് ചോരി' ആരോപണങ്ങളെ മുഴുവനായും തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. വോട്ട് കൊള്ള എന്ന ആരോപണം തെറ്റാണെന്നും വോട്ടർമാരുടെ വിവരങ്ങൾ അവരുടെ അനുവാദമില്ലാതെ പുറത്തുവിട്ടത് സ്വകാര്യത ലംഘനമാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. ഇത് ഭരണഘടനയെ അപമാനിക്കുന്ന നടപടിയാണെന്നും കമ്മിഷൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഒരു വോട്ടറുടെ പേര് ഒന്നിൽ കൂടുതൽ ഇടങ്ങളിൽ ഉണ്ടാകാം, എന്നാൽ ഒരിടത്ത് മാത്രമേ വോട്ട് ചെയ്യൂ. രണ്ടിടത്ത് വോട്ട് ചെയ്യുന്നത് ക്രിമിനൽ കുറ്റമാണെന്ന് കമ്മിഷൻ പറഞ്ഞു. വ്യാജ വോട്ട് ആരോപിച്ചവർ തെളിവ് ഹാജരാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷണർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബിഹാറിൽ കഴിഞ്ഞ 6 മാസത്തിൽ 22 ലക്ഷം പേരുടെ മരണം റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി നൽകി. വോട്ടർപട്ടികയുടെ പവിത്രത ജനങ്ങൾക്ക് ഉറപ്പു വരുത്താൻ വേണ്ടി തീവ്രമായ പുനരവലോകനം നടത്തുകയായിരുന്നുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി. ഇത് കഴിഞ്ഞ 20 വർഷത്തിനിടെ തിരഞ്ഞെടുപ്പ് കമ്മിഷനിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത മരണങ്ങളായിരുന്നുവെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.
ബിജെപിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും വോട്ടുമോഷണം നടത്തി എന്നുമായിരുന്നു രാഹുല്‍ ഗാന്ധി ആരോപിച്ചത്. കർണാടകയിലെ ഒരു മണ്ഡലത്തിൽ മാത്രം വൻ അട്ടിമറി നടന്നു. മഹാരാഷ്ട്രയിൽ അസാധാരണ പോളിങ് നടന്നു. 5 മണി കഴിഞ്ഞ് വോട്ടിങ് ശതമാനം കുതിച്ചുയർന്നു. 40 ലക്ഷം ദുരൂഹ വോട്ടർമാർ എത്തിയെന്നും വീട്ടുനമ്പർ 0 എന്ന വിലാസത്തിലും ഒട്ടേറെ പേർ വന്നുവെന്നും രാഹുൽ ആരോപിച്ചിരുന്നു.
അഞ്ച് മാർഗങ്ങളിലൂടെയാണ് രാജ്യത്ത് വോട്ടുമോഷണം നടന്നത്. വോട്ടർ പട്ടികയിൽ വ്യാജവിലാസങ്ങളുള്ള ഒട്ടേറെ പേർ ഉണ്ടായിരുന്നു എന്നും രാഹുൽ പറഞ്ഞു. ഒരു ലക്ഷത്തിലധികം വോട്ടുകൾ പലമാർഗങ്ങളിലൂടെ മോഷ്ടിച്ചു. 25 സീറ്റുകളിൽ ബിജെപി ജയിച്ചത് 33000-ൽ താഴെ വോട്ടുകൾക്ക്. അധികാരം ഉറപ്പാക്കിയത് 25 സീറ്റുകളിലെ അട്ടിമറിയിലൂടെ. സിസിടിവി ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ നയം മാറ്റിയെന്നും തെളിവുകൾ നിരത്തി രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ.
Content Highlights: Election Commission Rejects Rahul Gandhi's Voter Fraud Allegations