കോണ്‍ഗ്രസിനെതിരായ ബിജെപിയുടെ വീഡിയോ പിന്‍വലിക്കാന്‍ എക്‌സിനോട് നിര്‍ദേശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് രാജ്യത്ത് മുസ്ലിം പ്രീണനത്തിന് ശ്രമിക്കുന്നെന്ന് ആരോപിച്ച് ബി.ജെ.പി. കര്‍ണാടക ഘടകം പങ്കുവെച്ച ആനിമേറ്റഡ് വീഡിയോ നീക്കംചെയ്യാന്‍ എക്‌സ് (ട്വിറ്റര്‍) അധികൃതരോട് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിഷയത്തില്‍ പോലീസ് എഫ്.ഐ.ആര്‍. ഫയല്‍ ചെയ്തിട്ടുള്ളതായും എക്‌സ് അധികൃതര്‍ എത്രയും പെട്ടെന്ന് വീഡിയോ അവരുടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് ഒഴിവാക്കണമെന്നും കാണിച്ചാണ് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടി മുസ്ലിം പ്രീണനത്തിനാണ് ശ്രമിക്കുന്നതെന്നും പിന്നാക്കവിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ട സംവരണവും ധനസഹായവുമെല്ലാം കോണ്‍ഗ്രസ് അട്ടിമറിയിലൂടെ മുസ്ലിംങ്ങള്‍ക്ക് നല്‍കുന്നെന്നുമാണ് ബി.ജെ.പി. എക്‌സില്‍ പങ്കുവെച്ച വീഡിയോയുടെ ഉള്ളടക്കം. കോണ്‍ഗ്രസ് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍നിന്ന് ഒഴിവാക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നുകാണിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
വീഡിയോയിലൂടെ ജനങ്ങള്‍ക്കിടയില്‍ വെറുപ്പും സ്പര്‍ധയും വളര്‍ത്താനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് കര്‍ണാടക കോണ്‍ഗ്രസ് ലീഗല്‍ യൂണിറ്റ് അംഗമായ രമേഷ് ബാബു പരാതി നല്‍കിയത്. കര്‍ണാടകയിലെ ബി.ജെ.പി. നേതാവ് ബി.വൈ. വിജയേന്ദ്രയ്‌ക്കെതിരെയാണ് അവര്‍ പരാതി നല്‍കിയത്. ഇതിനുപിന്നാലെ വീഡിയോ നീക്കം ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അവര്‍ വീഡിയോ നീക്കംചെയ്യാതെ വന്നതോടെ ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുസംബന്ധിച്ച് എക്‌സിന് ഔദ്യോഗികമായി കത്തയച്ചത്.
ബി.ജെ.പി. കര്‍ണാടക ഘടകം എക്‌സില്‍ പങ്കുവെച്ചിട്ടുള്ള വീഡിയോ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ളതാണ്. അതുകൊണ്ടുതന്നെ ആ വീഡിയോ പിന്‍വലിക്കാന്‍ വേണ്ട നടപടികള്‍ എക്‌സ് അധികൃതര്‍ എത്രയുംവേഗം കൈക്കൊള്ളണം. ഈ വിഷയത്തില്‍ പോലീസ് എഫ്.ഐ.ആര്‍. തയ്യാറാക്കിയിട്ടുള്ളതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ എക്‌സ് അധികൃതര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരാതിക്ക് പിന്നാലെ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, ഐ.ടി. സെല്‍ മേധാവി അമിത് മാളവ്യ എന്നിവര്‍ക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തിരുന്നു.
ശനിയാഴ്ചയാണ് 17-സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ആനിമേറ്റഡ് വീഡിയോ ബി.ജെ.പി. കര്‍ണാടക ഘടകം എക്‌സില്‍ പങ്കുവെച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മുസ്ലിങ്ങള്‍ക്ക് വലിയ രീതിയില്‍ ഫണ്ട് നല്‍കുന്നതായാണ് വീഡിയോയില്‍ ആരോപിക്കുന്നത്. രാഹുല്‍ ഗാന്ധിയുടേയും സിദ്ധരാമയ്യയുടേയും കാരിക്കേച്ചറുകള്‍ മുസ്ലിം എന്ന് രേഖപ്പെടുത്തിയ മുട്ട ഒരു പക്ഷിക്കൂട്ടില്‍ നിക്ഷേപിക്കുന്നു. പക്ഷിക്കൂട്ടില്‍ എസ്.സി, എസ്.ടി, ഒ.ബി.സി എന്നിങ്ങനെ രേഖപ്പെടുത്തിയ മുട്ടകളുമുണ്ട്.
മുട്ട വിരിഞ്ഞതിന് ശേഷം രാഹുല്‍ ഗാന്ധി മുസ്ലിം എന്ന് രേഖപ്പെടുത്തിയ പക്ഷിക്ക് ഫണ്ട് നല്‍കുന്നു. മറ്റുള്ള പക്ഷികള്‍ അത് ലഭിക്കുന്നതിനായി ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ക്കത് നല്‍കുന്നില്ലെന്നാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.
Content Highlights: election commission letter to x to remove bjp animated video of rahul gandhi