'ആരോഗ്യപ്രശ്‌നം ഉന്നയിക്കുന്നത് ജാമ്യംകിട്ടാന്‍'; ശിവശങ്കറിന് ജാമ്യംനല്‍കരുത്- ED സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് കാര്യമായ അസുഖങ്ങള്‍ ഒന്നുമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ജാമ്യം ലഭിക്കാന്‍ വേണ്ടി മാത്രമാണ് അദ്ദേഹം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതെന്ന് വ്യക്തമാക്കി സുപ്രീം കോടതിയില്‍ ഇ.ഡി. സത്യവാങ്മൂലം ഫയല്‍ ചെയ്തു.
ജാമ്യാപേക്ഷയ്ക്ക് ഒപ്പം കോടതികളില്‍ ഫയല്‍ ചെയ്ത മെഡിക്കല്‍ റിപ്പോര്‍ട്ട് ശിവശങ്കറിനെ പരിശോധിക്കാതെ ഡോക്ടര്‍ തയ്യാറാക്കിയതാണെന്ന് ഇ.ഡി. സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തങ്ങളുടെ കസ്റ്റഡിയില്‍ ശിവശങ്കര്‍ ഉണ്ടായിരുന്ന സമയത്താണ് ഇത്തരം ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഡോക്ടര്‍ നല്‍കിയത്. അക്കാലത്ത് ഡോക്ടര്‍ നേരിട്ട് ശിവശങ്കറിനെ പരിശോധിച്ചിട്ടില്ലെന്ന് ഇ.ഡി. ഡെപ്യുട്ടി ഡയറക്ടര്‍ പ്രേം മാലിക് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുന്‍പ് ശിവശങ്കര്‍ ജാമ്യത്തിലിറങ്ങിയത്. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വിരമിക്കുന്നത് വരെ അദ്ദേഹം ഓഫീസില്‍ പോയിരുന്നു. ഇതില്‍ നിന്നുതന്നെ അദ്ദേഹത്തിന് കാര്യമായ രോഗമില്ലെന്ന് വ്യക്തമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്നപ്പോള്‍ ശിവശങ്കറിന് ശസ്ത്രക്രിയ നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ ശിവശങ്കര്‍ ഈ ശസ്ത്രക്രിയ വേണ്ടന്ന് വെക്കുകയായിരുന്നു. ഇതില്‍നിന്ന് അദ്ദേഹത്തിന് കാര്യമായ അസുഖങ്ങള്‍ ഇല്ലെന്ന് വ്യക്തമാകുകയാണെന്നും ഇ.ഡി. വ്യക്തമാക്കി.
ശിവശങ്കര്‍ ഉന്നതസ്വാധീനമുള്ള വ്യക്തിയാണ്. മറ്റ് സര്‍ക്കാര്‍ അധികാരികളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അന്വേഷണത്തിലാണ്. ഈ ഘട്ടത്തില്‍ ശിവശങ്കറിന് ജാമ്യം അനുവദിച്ചാല്‍ അന്വേഷണം അവതാളത്തിലാകും. സാക്ഷികളെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയുണ്ട്. കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം വീണ്ടും കള്ളപ്പണ ഇടപാടുകള്‍ക്ക് ഉപയോഗിക്കാന്‍ ഇടയുണ്ടെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജാമ്യം അനുവദിക്കണമെന്ന ശിവശങ്കറിന്റെ ഹര്‍ജി ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് ഇ.ഡിയുടെ സത്യവാങ്മൂലം.
Content Highlights: ed opposes sivasankar bail plea