വോട്ടറുടെ യോഗ്യത ഉറപ്പാക്കാന്‍ പൗരത്വം പരിശോധിക്കാന്‍ അധികാരമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

#ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ്
എസ്ഐആർ നടപടികൾ |Photo:PTI
എസ്ഐആർ നടപടികൾ |Photo:PTI

ന്യൂഡല്‍ഹി: വോട്ടര്‍ ആകാനുള്ള ഒരാളുടെ യോഗ്യത ഉറപ്പാക്കാനായി പൗരത്വം പരിശോധിക്കാന്‍ തങ്ങള്‍ക്ക് നിയമപരമായ അധികാരമുണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. പൗരത്വം ഉള്‍പ്പെടെ പരിശോധിക്കാന്‍ 1950-ലെ ജനപ്രാതിനിധ്യ നിയമം അധികാരം നല്‍കുന്നുവെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

തമിഴ്‌നാട്ടില്‍ നടക്കുന്ന എസ്‌ഐആര്‍ നടപടികള്‍ ചോദ്യം ചെയ്ത് ഡിഎംകെ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. പൗരത്വത്തിന് പുറമെ പ്രായം ഉള്‍പ്പടെയുള്ള കാര്യങ്ങളും പരിശോധിക്കാന്‍ അധികാരം ഉണ്ടെന്നാണ് കമ്മിഷന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

രണ്ട് പതിറ്റാണ്ട് മുമ്പാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടന്നത്. അതിനുശേഷം നിരവധി കൂട്ടിച്ചേര്‍ക്കലും ഒഴിവാക്കലുകളും ഉണ്ടായിട്ടുണ്ട്. ചില പേരുകള്‍ ഒന്നിലേറെ തവണ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ SIR അനിവാര്യം ആണെന്നും ബിഹാറില്‍ വിജകരമായി അത് പൂര്‍ത്തികരിച്ചിട്ടുണ്ടെന്നും കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.

Content Highlights: Election Commission of India asserts its legal authority to verify citizenship to ensure voter eligibility