ഉത്തരാഖണ്ഡിൽ ഭൂചലനം; ഡൽഹിയിൽ ഉൾപ്പെടെ പ്രകമ്പനം, റിക്ടർ സ്‌കെയിലിൽ 4.9 തീവ്രത

#ന്യൂസ് ഡെസ്ക്
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം | Photo: X/ National Center for Seismology
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം | Photo: X/ National Center for Seismology

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ റിക്ടർ സ്‌കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാത്രിയുണ്ടായ ഭൂചലനത്തെ തുടർന്ന് ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.

നാഷണൽ സെന്റർ ഫോർ സീസ്‌മോളജിയുടെ റിപ്പോർട്ട് പ്രകാരം രാത്രി 10.15-ഓടെയാണ് ഭൂചലനമുണ്ടായത്. ഉത്തരാഖണ്ഡിലെ ചമോലിയാണ് പ്രഭവകേന്ദ്രം.

ഭൂചലനത്തെ തുടർന്ന് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും നിമിഷങ്ങളോളം പ്രകമ്പനം നീണ്ടുനിന്നതായി പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ ഇതുവരെ ആളപായമോ വസ്തുവകകൾക്ക് നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ആദ്യഘട്ടത്തിൽ ഭൂചലനത്തിന്റെ തീവ്രത 4.4 ആയിരുന്നെന്നാണ് വിവരങ്ങൾ പുറത്തുവന്നതെങ്കിലും പിന്നീട് നാഷണൽ സെന്റർ ഫോർ സീസ്‌മോളജിയുടെ അന്തിമ കണക്കുകളിൽ തീവ്രത 4.9 ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

Content Highlights: A 4.9 magnitude earthquake occurred in Uttarakhand on Tuesday night at around 10:15 PM. The epicenter of the earthquake was identified as Chamoli in Uttarakhand. Tremors were felt across Delhi and neighboring northern states, including Himachal Pradesh, Punjab, and Haryana. National Center for Seismology initially reported a 4.4 magnitude, which was later updated to 4.9. No casualties or material damages have been reported so far.