നീലഗിരിയിലെ ഇ-പാസ് സെപ്റ്റംബർ 30 വരെ നീട്ടി; പരിശോധന കർശനമാക്കി തമിഴ്നാട് പോലീസ്

ഗൂഡല്ലൂർ: സ്വകാര്യവാഹനങ്ങളിലുൾപ്പെടെ നീലഗിരിയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇ-പാസ് വേണമെന്ന നിബന്ധന സെപ്റ്റംബർ 30 വരെ തുടരും. ഇ-പാസ് സംവിധാനം ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് മൂന്ന് മാസത്തേയ്ക്ക് കൂടി നീട്ടി ജില്ലാഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്. വിനോദസഞ്ചാരകേന്ദ്രങ്ങളായ കൊടൈക്കനാലിലും ഊട്ടിയിലുമായി വാഹനങ്ങളുടെ എണ്ണം കൂടുന്നത് പാരിസ്ഥിതിക വിഷയമായി പരിഗണിച്ച്, ഇവിടേക്ക് വരുന്ന വാഹനങ്ങളുടെ എണ്ണമെടുക്കാൻ മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സമയപരിധി നീട്ടാനും കോടതി നിർദേശിച്ചു. എല്ലാചെക്ക് പോസ്റ്റുകളിലും പോലീസ് പരിശോധനയും കർശനമായി തുടരും.
വേനൽക്കാലത്ത് ഹിൽ സ്റ്റേഷനുകളിലേക്കുള്ള സന്ദർശകരുടെ എണ്ണത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ലഭ്യമാകുന്നതിനാണ് ഇ-പാസ് സംവിധാനമേർപ്പെടുത്തിയതെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. അപേക്ഷിക്കുന്ന എല്ലാവർക്കും പാസുകൾ ലഭ്യമാക്കുന്നുണ്ട്. കൊടൈക്കനാലിലും ഊട്ടിയിലും വിനോദസഞ്ചാരികൾക്ക് യാതൊരു നിയന്ത്രണവുമില്ലെന്നും എന്നാൽ, വാഹനങ്ങൾ കൊണ്ടുവരുന്നവർക്ക് പാസ് നിർബന്ധമാണെന്നും അധികൃതർ പറഞ്ഞു.
പ്രദേശവാസികൾക്കും ബസ് യാത്രികർക്കും ഇ-പാസുകൾ ആവശ്യമില്ലെന്നത് അതേപടി തുടരും. ഇ-പാസ് ലഭ്യമാക്കുന്നതിന് എല്ലാ ചെക്ക് പോസ്റ്റുകളിലും സംവിധാനമേർപ്പെടുത്തിയിട്ടുണ്ട്. അതാത് ചെക്ക് പോസ്റ്റുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് വാഹനരേഖകൾ സമർപ്പിച്ചാൽ ഇ-പാസ് അനുവദിക്കുന്നതിന് സംവിധാനമുണ്ട്.
വേനൽക്കാലത്ത് ഊട്ടിയിലും കൊടൈക്കനാലിലും വാഹന ഗതാഗതം നിയന്ത്രിക്കുന്നതിന്, പ്രവേശിക്കുന്ന സ്വകാര്യവാഹനയാത്രികർക്ക് ഇ-പാസ് ഉണ്ടായിരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സന്ദർശകർക്കായി സർക്കാർ അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ടിഎൻ ഇ-പാസ് ഓൺലൈൻ അപേക്ഷാ പ്രക്രിയ തുടങ്ങിയിരുന്നു. സന്ദർശന തീയതി മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്നും ഉത്തരവുണ്ടായിരുന്നു.
Content Highlights: E.Pass extended neelagiri