ഗണേശോത്സവത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് വാഹനം പാഞ്ഞുകയറി മൂന്ന് മരണം; ഡ്രെെവർ മദ്യലഹരിയിൽ, അറസ്റ്റിൽ

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

റായ്പുര്‍: ചത്തീസ്ഗഢില്‍ ഗണേശോത്സവത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് എസ്‌യുവി ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബഗിച്ച പോലീസ് സ്റ്റേഷന്‍ പരിധിയിലെ ജുരുദണ്ഡ് ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് ദാരുണമായ സംഭവമുണ്ടായത്. 

അപകടത്തില്‍ വിപിന്‍ പ്രജാപതി (17), അരവിന്ദ് (19), ഖിരോവതി യാദവ് (32) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മദ്യലഹരിയിലായിരുന്ന കാര്‍ ഡ്രൈവറെ അറസ്റ്റുചെയ്തിട്ടുണ്ട്. 40-കാരനായ സുഖ്‌സാഗര്‍ വൈഷ്ണവ് ആണ് അറസ്റ്റിലായത്. അപകടത്തിനിടയാക്കിയ വാഹനവും പിടിച്ചെടുത്തു. 

ഗണപതി വിഗ്രഹ നിമഞജ്‌ന യാത്രയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തിരുന്നതായാണ് വിവരം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ അംബികാപുര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചിട്ടുണ്ട്. അപകടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
 

Content Highlights: drunk driver rams suv into Ganpati procession in chhattisgarh