ഡ്രൈവര്‍ ഇല്ലാതെ ഓടും, ലോകോത്തരനിലവാരം; 'മേക്ക് ഇന്‍ ഇന്ത്യ'യില്‍ പിറന്ന മുംബൈ മെട്രോ-3

മുംബൈ മെട്രോ-3 | photo: @narendramodi
മുംബൈ മെട്രോ-3 | photo: @narendramodi

മുംബൈ: പൂര്‍ണമായും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ നിര്‍മിച്ച മുംബൈ മെട്രോ-3 അഥവാ അക്വാ ലൈന്‍ തിങ്കളാഴ്ച ഓട്ടം തുടങ്ങി. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള ഈ ട്രെയിനുകളില്‍ ലോകോത്തര നിലവാരത്തിലുള്ള സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചിട്ടുള്ളത്. ഡ്രൈവറില്ലാതെ ഓടുന്ന ഈ തീവണ്ടികളില്‍ ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററുമായി നേരിട്ട് ബന്ധപ്പെടാനുള്ള ബൈഡൈറെക്ഷണല്‍ വീഡിയോ കമ്യൂണിക്കേഷന്‍ സിസ്റ്റവും (OCC) ഉണ്ട്. 

കമ്യൂണിക്കേഷന്‍-ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ (CBTC) എന്ന ഏറ്റവും നൂതനമായ മാര്‍ഗം ഉപയോഗിച്ചാണ് ഡ്രൈവറില്ലാ ട്രെയിനുകള്‍ ഓടിച്ചിരിക്കുന്നത്. അര്‍ബലിസ് ഫോര്‍വേഡ് (Urbalis Forward) എന്നാണ് ഇത് അറിയപ്പെടുന്നത്. സ്വയം നിയന്ത്രിക്കുന്ന ഈ ട്രെയിനില്‍ ഓട്ടോമാറ്റിക് സിഗ്നല്‍ സിസ്റ്റവും മേല്‍നോട്ട സംവിധാനവും ഉണ്ട്. മെട്രോ-3-നായി ഭാരം കുറഞ്ഞ 31 ആധുനിക ട്രെയിനുകളാണ് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ നിര്‍മിച്ചിരിക്കുന്നത്. 

2500 യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ എട്ട് കാറുകളാണ് (കോച്ചുകള്‍) ഓരോ ട്രെയിനിലുമുള്ളത്. ഈ ട്രെയിനിന്റെ ഉന്നതനിലവാരത്തിലുള്ള കോച്ചുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് കര്‍ണാടകയിലെ ബംഗളൂരുവിലുള്ള അല്‍സ്റ്റോംസ് എന്‍ജിനീയറിങ് സെന്ററിലും, നിര്‍മിച്ചിരിക്കുന്നത് ആന്ധ്രാപ്രദേശിലെ ശ്രീസിറ്റിയിലുമാണ്. നമ്മുടെ സിറ്റികളില്‍ നിര്‍മിക്കുന്ന വസ്തുക്കള്‍ ലോകനിലവാരത്തിലുള്ളതാണ് എന്നതിന്റെ തെളിവാണ് ഈ ട്രെയിനുകള്‍.
 

Content Highlights: driverless mumbai metro-3 make in india product