ട്രംപിന്റെ ചുങ്കം; രാജ്യത്തെ മത്സ്യമേഖലയെ പിടിച്ചുലയ്ക്കും; ഉഭയകക്ഷി ചര്‍ച്ചയ്ക്കായി സമ്മര്‍ദം

ആലപ്പുഴ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം രാജ്യത്തെ മത്സ്യമേഖലയെ പിടിച്ചുലയ്ക്കുമ്പോൾ ഉഭയകക്ഷി ചർച്ചയ്ക്കായി സമ്മർദം. ഇതിനായി കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുന്നതിനായി സമുദ്രോത്പന്ന കയറ്റുമതിക്കാർ ഡൽഹിയിൽ ചർച്ച തുടങ്ങി. രാജ്യത്തിനു പ്രതിവർഷം 60,000 കോടിയോളംരൂപ നേടിത്തരുന്ന മത്സ്യോത്പന്ന കയറ്റുമതി തകർന്നാലുള്ള ഗുരുതര സാഹചര്യമാണ് കേന്ദ്രത്തെ ബോധ്യപ്പെടുത്തുന്നത്.
ഇതിനിടെ, സംസ്ഥാനത്ത് ചെമ്മീൻവില കുറഞ്ഞു. പകരച്ചുങ്കം വാർത്ത വന്നതോടെയാണ് പൊതുവേ കുറഞ്ഞുനിന്ന വില വീണ്ടും കുറഞ്ഞതെന്ന് ബോട്ടുടമ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ പറഞ്ഞു. നാരൻ ചെമ്മീന് കിലോയ്ക്ക് 250 രൂപയോളമാണിപ്പോൾ. ഈ സമയത്ത് 500 രൂപയോളം കിട്ടാറുണ്ട്.
34.26 ശതമാനം തീരുവയാണ് ഇന്ത്യയിൽനിന്നുള്ള മത്സ്യോത്പന്നങ്ങളുടെ ഇറക്കുമതിക്ക് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. അതോടെ അവിടെ വില കൂടും. ഇന്ത്യയിൽനിന്നുള്ള ചെമ്മീൻ കിലോയ്ക്ക് 6-7 ഡോളറിനാണ് ഇപ്പോൾ അവിടെ കിട്ടുന്നത്. തീരുവ കൂടുമ്പോൾ അത് 8-9 ഡോളർ കടക്കും. ആളുകൾ ഉപഭോഗം കുറയ്ക്കുകയോ മറ്റു മീനുകളിലേക്കു മാറുകയോ ചെയ്യാം.
Content Highlights: donald trump tariff will destruct fishing