ഒടുവിൽ ആയുധംവെച്ചു കീഴടങ്ങാൻ ഹമാസ്, ബോർഡ് ഓഫ് പീസ് ചരിത്രപരമെന്ന് ട്രംപ്; പ്രതികരിക്കാതെ ഇസ്രായേൽ

#ന്യൂസ് ഡെസ്ക്
ഡൊണാൾഡ് ട്രംപ് | Photo: AP
ഡൊണാൾഡ് ട്രംപ് | Photo: AP

വാഷിങ്ടൺ: ഗാസയിലെ ഹമാസ് ഉൾപ്പെടെയുള്ള എല്ലാ സായുധ ഗ്രൂപ്പുകളെയും പൂർണ്ണമായും നിരായുധീകരിക്കുന്നതിനായി ബോർഡ് ഓഫ് പീസ് കരാറിലെത്തിയതായി യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇതൊരു ചരിത്രപരമായ നേട്ടമാണെന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ അദ്ദേഹം കുറിച്ചു. സ്ഥിരമായ സമാധാനത്തിലേക്കും സുരക്ഷയിലേക്കുമുള്ള വൻ ചുവടുവെപ്പാണ് ഇതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ബോർഡ് ഓഫ് പീസിന്റെ സമ്പൂർണ്ണ നിരായുധീകരണ പദ്ധതിയോട് ഹമാസ് പൂർണ്ണമായും യോജിച്ചെന്നും ഉടൻ തന്നെ ഇതുസംബന്ധിച്ച അറിയിപ്പുണ്ടാകുമെന്നും മുതിർന്ന ഹമാസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബി.ബി.സി. റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഇതുസംബന്ധിച്ച് ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

നിരായുധീകരണം പൂർത്തിയാകുന്ന മുറയ്ക്ക് ഇസ്രായേൽ ഗാസയിൽനിന്ന് പിന്മാറും. ഗാസയിൽ പുതിയ പലസ്തീൻ സർക്കാർ നിലവിൽ വരുന്നതിലേക്കുള്ള നിർണായക ചുവടുവെപ്പാണ് ഇതെന്നും ട്രംപ് കൂട്ടിച്ചേർത്തു. അമേരിക്കയുടെ മധ്യസ്ഥതയിലുള്ള ഗാസ വെടിനിർത്തൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഹമാസിന്റെ നിരായുധീകരണവും ഗാസയുടെ പുനർനിർമ്മാണവും ഉൾപ്പെടുന്നുണ്ട്.

ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി താൻ മുന്നോട്ടുവെച്ച 20 ഇന പദ്ധതിയുടെ നിർണ്ണായകമായ ഘട്ടമാണിതെന്ന് ട്രംപ് വ്യക്തമാക്കി. ഈ കരാർ സാധ്യമാക്കുന്നതിൽ മധ്യസ്ഥത വഹിച്ച ഈജിപ്ത്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. അടുത്തഘട്ട മധ്യസ്ഥ ചർച്ച കെയ്റോയിൽ വെച്ചു നടത്തുമെന്ന് ഈജിപ്ഷ്യൻ മാധ്യമങ്ങളെ ഉദ്ധരിച്ച് ഫ്രാൻസ് പ്രസ് റിപ്പോർട്ട് ചെയ്തു.

ഇസ്രായേൽ സൈന്യം അവരുടെ കടമകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടാൽ ഹമാസ് കരാറിന്റെ ഒരു ഭാഗവും നടപ്പിലാക്കില്ലെന്ന് ഹമാസ് ചർച്ചാ പ്രനിധി സംഘത്തിലെ അംഗമായ ഗാസി ഹമദിനെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. 'ഈ ചർച്ചകൾ ബുദ്ധിമുട്ടുള്ളതും ദുഷ്കരവുമായിരുന്നു സാധ്യമായ ഏറ്റവും മികച്ച ഫോർമുലയിൽ എത്തിച്ചേരാൻ തങ്ങൾ ശ്രമിച്ചു'- അദ്ദേഹം കൂട്ടിച്ചേർത്തു. ഗാസയിൽ നിന്ന് ഇസ്രായേൽ പിൻവാങ്ങുന്നതിനേയും ഗാസയുടെ പുനർനിർമ്മാണത്തിലെ പുരോഗതിയേയും ആശ്രയിച്ചായിരിക്കും നിരായുധീകരണമെന്ന് ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

Content Highlights: Donald Trump announces a full disarmament agreement for Hamas in Gaza., The deal includes an Israeli withdrawal from Gaza post-disarmament., Egypt, Qatar, and Turkey acted as key mediators for the 20-point peace plan., Hamas conditions disarmament on Israeli withdrawal and reconstruction progress., Cairo will host the next round of mediation talks.