കന്നഡിഗർക്ക് ജോലിയില്ലെന്ന് വീഡിയോ; ഐടി കമ്പനികൾക്ക് മുന്നറിയിപ്പുമായി ഡി.കെ. ശിവകുമാർ

#ന്യൂസ് ഡെസ്ക്
ഡി.കെ. ശിവകുമാർ | Photo: ANI
ഡി.കെ. ശിവകുമാർ | Photo: ANI

ബെംഗളൂരു: ബെംഗളൂരുവിലെ ഐടി കമ്പനികളിൽ കന്നഡിഗർക്ക് തൊഴിൽ അവസരങ്ങൾ നിഷേധിക്കപ്പെടുന്നുവെന്ന ആരോപണങ്ങൾക്കു പിന്നാലെ കമ്പനികൾക്ക് കർശന മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കന്നഡ സംസാരിക്കുന്നവരെ ബോധപൂർവം ഒഴിവാക്കുന്നതായി കണ്ടെത്തിയാൽ സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവിലെ ചില ഐടി കമ്പനികൾ കന്നഡ സംസാരിക്കുന്ന ഉദ്യോഗാർഥികളെ മാറ്റിനിർത്തുന്നുവെന്ന പരാതികൾ ഉയരുകയും, ഇതുമായി ബന്ധപ്പെട്ട ഒരു യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഡി.കെ. ശിവകുമാറിന്റെ പ്രതികരണം.

"കർണാടകയിൽ കന്നഡിഗരാണ് പരമാധികാരി. കന്നഡക്കാരുടെ അവകാശങ്ങളും ആത്മാഭിമാനവും തൊഴിലവസരങ്ങളും ഒരു കാരണവശാലും തഴയാൻ അനുവദിക്കില്ല," ഡി.കെ. ശിവകുമാർ എക്‌സിൽ കുറിച്ചു. പ്രാദേശികഭാഷ സംസാരിക്കുന്നവരെ അവഗണിക്കുന്നതായി കേൾക്കുന്നത് വിഷമകരമാണെന്നും വിഷയം സർക്കാർ ഗൗരവമായി എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവിലെ സ്ഥാപനങ്ങൾ റെസ്യൂമെകളിൽ മാതൃഭാഷ കന്നഡ എന്ന് രേഖപ്പെടുത്തുന്നവരെ നിരസിക്കുകയും മറ്റ് ഭാഷക്കാർക്ക് മുൻഗണന നൽകുകയും ചെയ്യുന്നുവെന്നാണ് പ്രചരിച്ച വീഡിയോയിൽ യുവതി ആരോപിക്കുന്നത്. സ്വകാര്യ മേഖലയിലെ പ്രാദേശിക സംവരണം സംബന്ധിച്ച് കർണാടകയിൽ നേരത്തെ തന്നെ വലിയ ചർച്ചകൾ നടക്കുന്നതിനിടെയാണ് പുതിയ സംഭവം.

ഏതെങ്കിലും സ്വകാര്യ സ്ഥാപനം കന്നഡിഗരെ മനഃപൂർവം മാറ്റി നിർത്തുന്നത് കണ്ടെത്തിയാൽ സർക്കാർ ഉചിത നടപടി സ്വീകരിക്കും. ലോകം ബെംഗളൂരുവിനെ ഇന്ത്യയുടെ സാങ്കേതിക തലസ്ഥാനമായിട്ടാണ് കാണുന്നത്. കന്നഡക്കാരുടെ കഴിവുകളിൽ വളരെ അധികം അഭിമാനിക്കുന്നു- ഡി.കെ. ശിവകുമാർ പറഞ്ഞു.

Content Highlights: DK Shivakumar issued a strict warning to Bengaluru IT companies over alleged job rejections for Kannada speakers., A viral video highlighted private firms discriminating against candidates based on language proficiency., The Karnataka government emphasized that local rights, self-respect, and employment opportunities will be protected.