UP ഗ്രാമത്തിൽ ആദ്യമായി കുടിവെള്ളമെത്തിച്ച ഓഫീസർ, IAS ഉപേക്ഷിക്കുന്നതായി കുറിപ്പ്;ആരാണ് ദിവ്യ മിത്തൽ?

#ന്യൂസ് ഡെസ്‌ക്
ദിവ്യ മിത്തൽ | Image courtesy:  https://x.com/divyamittal_IAS
ദിവ്യ മിത്തൽ | Image courtesy: https://x.com/divyamittal_IAS

ലഖ്നൗ: 13 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽനിന്ന് രാജിവെച്ച് ഉത്തർ പ്രദേശ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ മിത്തൽ. 2013 ബാച്ച് ഓഫീസറായ അവർ, മേയ് മാസംവരെ യുപി റവന്യൂ വകുപ്പിന്റെ സ്പെഷൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. തന്റെ സേവനകാലത്ത് മികച്ച പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയയായ ദിവ്യ മിത്തലിന്റെ രാജി നിവധി അഭ്യൂഹങ്ങൾക്കും വഴിമരുന്നിട്ടിട്ടുണ്ട്.

ഉന്നത വിദ്യാഭ്യസത്തിനു ശേഷം ലണ്ടനിൽ ജോലിചെയ്ത ദിവ്യ തിരികെയെത്തിയാണ് ആദ്യം ഐപിഎസും പിന്നീട് ഐഎഎസും നേടിയത്. മിർസാപുർ ജില്ലയിലെ ഉൾനാടൻ ഗ്രാമമായ ലഹൂരിയയിൽ പൈപ്പ് വഴി കുടിവെള്ളമെത്തിച്ചതിലൂടെ ശ്രദ്ധേയയായ ഉദ്യോഗസ്ഥയായിരുന്നു ദിവ്യ. ഒരു ഗ്രാമത്തിൽ പൈപ്പിൽ വെള്ളമെത്തിച്ചതിൽ എന്താണ് അദ്ഭുതം എന്ന് തോന്നിയേക്കാം. എന്നാൽ, സ്വാതന്ത്ര്യം ലഭിച്ച് ഏകദേശം75 കൊല്ലത്തിന് ശേഷം ആദ്യമായാണ് 2023-ൽ ലഹൂരിയയിൽ പൈപ്പിൽ കുടിവെള്ളമെത്തിയത്. മുൻപ് ടാങ്കറിൽ വന്നിരുന്ന ജലത്തെ ആയിരുന്നു അവർ ആശ്രയിച്ചിരുന്നത്. ‘ഹർ ഘർ ജൽ’ എന്ന പദ്ധതിയിലൂടെ ദിവ്യ ഗ്രാമത്തിലെ എല്ലാ കുടുംബങ്ങൾക്കും കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിച്ചു. ഇത് വലിയ വാർത്താപ്രാധാന്യം നേടുകയും ദിവ്യ ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

വൈകാരികമായ സാമൂഹികമാധ്യമക്കുറിപ്പിലൂടെയാണ് ദിവ്യ രാജിപ്രഖ്യാപിച്ചത്. സാധാരണ പശ്ചാത്തലത്തിൽ വളർന്നകാര്യവും ഐഐടി ഡൽഹിയിലും ഐഐഎം ബെംഗളൂരുവിലും പഠിച്ച്, ലണ്ടനിൽ ജോലി ചെയ്തശേഷം ഇന്ത്യയിൽ മടങ്ങിയെത്തി സിവിൽസർവീസസ് പരീക്ഷ പാസായതുമെല്ലാം എക്സിൽ പങ്കുവെച്ച കുറിപ്പിൽ ദിവ്യ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, രാജിക്ക് എന്താണ് കാരണമെന്ന് കുറിപ്പിൽ പറയുന്നില്ല.

2022 സെപ്റ്റംബർ മുതൽ 2023 സെപ്റ്റംബർ വരെ മിർസാപുരിൽ ജില്ലാ മജിസ്ട്രേറ്റ് ആയിരുന്നു ദിവ്യ. ആ സമയത്ത് ദിവ്യക്കും കേന്ദ്രസഹമന്ത്രി അനുപ്രിയാ പട്ടേലിനുമിടയിൽ ചില അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ലഹൂരിയ ഗ്രാമത്തിൽ പൈപ്പിൽ ജലം എത്തിക്കാനുള്ള പദ്ധതി ദിവ്യ നടപ്പാക്കിയതിന് പിന്നാലെ ഇത് കടുത്തു. പിന്നാലെ ദിവ്യയെ മിർസാപുറിൽനിന്ന് സ്ഥലംമാറ്റി. പദ്ധതിയുടെ പൂജാചടങ്ങിന് അനുപ്രിയയെ ക്ഷണിച്ചില്ലെന്നും അന്ന് ആരോപണം ഉയർന്നിരുന്നു. സ്ഥലംമാറിപ്പോയ ദിവ്യക്ക് പുഷ്പവൃഷ്ടി നടത്തിയായിരുന്നു മിർസാപുർ നിവാസികൾ യാത്രയയപ്പ് നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ അന്ന് സാമൂഹികമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

ഹരിയാണയിലെ രേവാരിയിൽ ജനിച്ച ദിവ്യ, ഐഐടി ഡൽഹിയിൽനിന്ന് എൻജിനീയറിങ് പൂർത്തിയാക്കിയശേഷം ഐഐഎം ബെംഗളൂരുവിൽനിന്ന് എംബിഎയും നേടി. ഭർത്താവ് ഗഗൻദീപ് സിങ്ങിനൊപ്പം ലണ്ടനിലേക്ക് പോയ ദിവ്യ കുറച്ചുകാലം കോർപറേറ്റ് മേഖലയിൽ ജോലി ചെയ്തു. പിന്നീട് ഇരുവരും അവിടുത്തെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങി. തിരികെയെത്തിയ ദിവ്യ യുപിഎസ്‌സി പരീക്ഷ എഴുതുകയും 2012-ൽ ഐപിഎസ് നേടുകയും ചെയ്തു. രണ്ടാംശ്രമത്തിൽ ഐഎഎസും സ്വന്തമാക്കി.

രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന്റെ മുന്നോടിയായാണ് രാജിയെന്നും വിലയിരുത്തലുകളുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ഐഎഎസ് ഓഫീസറായിരുന്ന കാലയളവിൽ ദിവ്യ, നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ജില്ലകളാണ് മിർസാപുറും ദേവരിയയും. ഇവയിലൊരിടത്തുനിന്ന് അവർ രാഷ്ട്രീയപ്രവശേനം നടത്തിയേക്കുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ദിവ്യയുടെ രാജിപ്രഖ്യാപനത്തിന് പിന്നാലെ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ എക്സിലെ ഒരു കുറിപ്പും ചർച്ചയായിട്ടുണ്ട്. ഉത്തർ പ്രദേശിലെ ബിജെപി സർക്കാരിന്റെ അഴിമതി കാരണം സത്യസന്ധരായ ഉദ്യോഗസ്ഥർ സമ്മർദത്തിലാണെന്ന് കുറിപ്പിൽ അഖിലേഷ് പറയുന്നു. ചിലപ്പോൾ രാജിവെക്കാൻപോലും അവർ നിർബന്ധിതരാകുന്നെന്നും കുറിപ്പിലുണ്ട്. അതേസമയം, ദിവ്യയുടെ പേര് കുറിപ്പിൽ അദ്ദേഹം പരാമർശിച്ചിട്ടില്ല.

Content Highlights: 2013 batch UP cadre IAS officer Divya Mittal resigned after 13 years of service., She successfully brought piped drinking water to Lahuariya village in Mirzapur after 75 years of independence., Reports suggest she might enter politics, while opposition parties criticize the government pressure on honest officers.