ദളിതർ മുടിവെട്ടാനെത്തി; ഗ്രാമത്തിലെ മുഴുവൻ ബാർബർ ഷോപ്പുകളും അടച്ചിട്ടു, വിവേചനം കർണാടകത്തിൽ

ബെംഗളൂരു: കർണാടകത്തിലെ ഗ്രാമത്തിൽ വീണ്ടും ദളിതരോട് വിവേചനം. ദളിതർ മുടിവെട്ടിക്കാനെത്തിയതോടെ കൊപ്പാളിലെ ഗ്രാമത്തിലെ ബാർബർ ഷോപ്പുകൾ അടച്ചിട്ടു. മുദ്ദബള്ളി ഗ്രാമത്തിലാണ് സംഭവം.
ഗ്രാമത്തിലെ ബാർബർഷോപ്പിൽ ദളിതരുടെ മുടിമുറിച്ചുനൽകാതെ വിവേചനം കാണിക്കുന്നെന്ന വിവരം അടുത്തിടെയാണ് പുറത്തുവന്നത്. ഇതോടെ മുന്നറിയിപ്പുമായി പോലീസ് സ്ഥലത്തെത്തി. അയിത്തം ആചരിച്ചാൽ ശിക്ഷലഭിക്കുമെന്ന് ബാർബർഷോപ്പ് ഉടമകളെ ബോധവത്കരിച്ചു. ദളിതരുടെ മുടിമുറിക്കുമെന്ന് പോലീസിനോട് സമ്മതിച്ചെങ്കിലും പിന്നീട് ഷോപ്പുകൾ അടച്ചിടുകയായിരുന്നു. കടകളിലെത്തിയിരുന്ന പതിവുകാരുടെ മുടി അവരുടെ വീടുകളിലെത്തി മുറിച്ചുനൽകാനും തുടങ്ങി. ഗ്രാമത്തിലെ ദളിതർക്ക് മുടിമുറിക്കാനും താടിവടിക്കാനും കിലോമീറ്ററുകൾ സഞ്ചരിച്ച് കൊപ്പാൾ ടൗണിലെത്തണം.
കർണാടകത്തിലെ ഒട്ടേറെ ഗ്രാമങ്ങളിൽനിന്ന് ദളിത് വിവേചനത്തിന്റെ വിവരങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. കടകളിൽനിന്ന് സാധനങ്ങൾ നൽകുന്നത് വിലക്കിയും ക്ഷേത്രത്തിൽ പ്രവേശിക്കാൻ വിസമ്മതിച്ചും വിവേചനം തുടരുന്നതാണ് പലയിടത്തും കണ്ടുവരുന്നത്.
Content Highlights: discrimination against dalits in karnataka