പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഒരേപോലെ വിശ്വസ്തൻ; പുകയടങ്ങിയാൽ പ്രധാൻ തിരികെയെത്തിയേക്കും?

#പ്രവീൺ കൃഷ്ണൻ
ധര്‍മേന്ദ്ര പ്രധാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം (ഫയല്‍) |ഫോട്ടോ:PTI
ധര്‍മേന്ദ്ര പ്രധാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം (ഫയല്‍) |ഫോട്ടോ:PTI

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിൽ ഭരണനേതൃത്വത്തിന്റെ ഏറെ പ്രിയങ്കരനായിരുന്നു രാജിവെക്കേണ്ടിവന്ന മന്ത്രി ധർമേന്ദ്രപ്രധാൻ. പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഒരേപോലെ വിശ്വസ്തൻ. വിദ്യാർഥിപ്രക്ഷോഭം ആളിക്കത്തിയപ്പോഴും പ്രധാനെ സംരക്ഷിക്കാൻ അമിത് ഷാ പരമാവധി ശ്രമിച്ചിരുന്നു.

പ്രധാൻ രാജിവെച്ച് പ്രതിസന്ധി ഒഴിവാക്കുകയാണ് നല്ലതെന്ന ചിന്ത ഭരണനേതൃത്വത്തിലും ആർ.എസ്.എസ്. നേതൃത്വത്തിലും പ്രബലമായ സമയത്തും രാജിവെക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു ഷാ. വകുപ്പുമാറ്റത്തിലൂടെ പ്രധാനെ മന്ത്രിസഭയിൽ നിലനിർത്തുക എന്ന പോംവഴിപോലും പ്രക്ഷോഭകരുമായുള്ള ചർച്ചകളിൽ സർക്കാർപക്ഷം മുന്നോട്ടുവെച്ചു.

ബി.ജെ.പി.യുടെ ആഭ്യന്തരരാഷ്ട്രീയത്തിലെ പ്രധാന്റെ സ്ഥാനം കണക്കിലെടുക്കുമ്പോൾ വൈകാതെ മുഖ്യചുമതലകളിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള നീക്കം ഉണ്ടാകുമെന്ന് അനുമാനിക്കാം. അതിനായി ഇപ്പോഴത്തെ പ്രക്ഷോഭത്തിന്റെ ചൂടും പുകയും അടങ്ങാൻ കാക്കുകയാണ് ഭരണനേതൃത്വം.

കഴിഞ്ഞ ഒഡിഷ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നവരിൽ ഒരാളാണ് ധർമേന്ദ്രപ്രധാൻ. ഒഡിഷ രാഷ്ട്രീയത്തിലേക്ക് മടങ്ങുമെന്നും മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.

രാജി പ്രഖ്യാപിച്ചുള്ള കത്തിലും ഒഡിഷയിലെ ജനങ്ങൾക്കുവേണ്ടി തുടർന്നും പ്രവർത്തിക്കുമെന്ന് പ്രധാൻ പറഞ്ഞിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ദേശീയ നേതൃത്വം ആഗ്രഹിച്ചൽപ്പോലും അത് പെട്ടെന്നു നടപ്പാക്കാവുന്ന ഒന്നല്ലെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. മോഹൻ ചരൺ മാജിയാണ് ഒഡിഷ മുഖ്യമന്ത്രി. അദ്ദേഹത്തെ മാറ്റാൻ നിലവിൽ കാരണങ്ങളൊന്നുമില്ല.

പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് മുൻപ്‌ പറഞ്ഞുകേട്ടിരുന്ന പ്രധാനെ പാർട്ടി പുനഃസംഘടനയിൽ ജനറൽ സെക്രട്ടറിപോലെ ഒരു പദവിയിൽ നിയോഗിക്കുന്നതും അഭികാമ്യമായി നേതൃത്വം കരുതുന്നില്ല. ഒരിടവേളയ്ക്കുശേഷം പുനഃസംഘടനയുടെ ഭാഗമായി കേന്ദ്രമന്ത്രിസഭയിൽ പ്രധാനെ തിരികെക്കൊണ്ടുവരുക എന്നതായിരിക്കും പ്രായോഗികമായി ഭരണനേതൃത്വം സ്വീകരിക്കാൻ സാധ്യതയുള്ള തന്ത്രം.

Content Highlights: Dharmendra Pradhan resigned from the Union Cabinet despite support from top leadership., The government considered portfolio changes before accepting the resignation., Speculations exist regarding his potential return to Odisha politics or a future Cabinet comeback., Mohan Charan Majhi continues as Odisha Chief Minister with no current plans for replacement., Leadership is waiting for current protests to subside before deciding on Pradhan's next role.