ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ് രാജ് സമ്മർദം ചെലുത്തിയെന്ന് പ്രതി

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ് കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നത്. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണസംഘത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്.
തീർഥാടനകേന്ദ്രമായ ധർമസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നൂറിൽപ്പരം സ്ത്രീകളുടെ മൃതദേഹം താൻ കുഴിച്ചുമൂടിയിട്ടുണ്ടെന്നായിരുന്നു ശുചീകരണത്തൊഴിലാളിയായ ചിന്നയ്യയുടെ ആരോപണം. ഇയാൾ പറഞ്ഞ സ്ഥലങ്ങളിൽ മണ്ണുനീക്കി പരിശോധന നടത്തി. എന്നാൽ, വ്യാജ ആരോപണമാണ് ഉന്നയിച്ചതെന്ന് കണ്ടെത്തിയതോടെ ഇയാളെ പ്രതിയാക്കി കേസെടുക്കുകയായിരുന്നു.
പ്രകാശ് രാജും മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ, യുറ്റ്യൂബർ സമീർ തുടങ്ങിയവർ ധർമസ്ഥല ക്ഷേത്രം ധർമാധികാരിക്കെതിരേ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു വെളിപ്പെടുത്തലെന്നാണ് ചിന്നയ്യ ഹർജിയിൽ ആരോപിക്കുന്നത്. ഇവരുടെ നിർദേശപ്രകാരമായിരുന്നു തന്റെ ഓരോ നീക്കവും. ഗൂഢാലോചന വിജയിച്ചാൽ 50 ലക്ഷം രൂപനൽകാമെന്ന് വാഗ്ദാനം ചെയ്തു. തമിഴ്നാട്ടുകാരനായ തന്നോട് പ്രകാശ് രാജ് തമിഴിൽ സംസാരിച്ച് നിർദേശം നൽകിയെന്നും ചിന്നയ്യ ആരോപിക്കുന്നു. ഹർജിയിൽ പ്രകാശ് രാജ് അടക്കമുള്ളവർക്ക് നോട്ടീസയക്കാൻ നിർദേശിച്ച കോടതി, കേസ് ഈ മാസം 29-ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
ധർമസ്ഥല കേസുമായി തന്നെ ബന്ധപ്പെടുത്തിയിട്ടുള്ള ചർച്ചകൾ അറിഞ്ഞെന്നും ലക്ഷക്കണക്കിനാളുകളുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടിനൽകേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും സാമൂഹികമാധ്യമത്തിലൂടെ അറിയിച്ച പ്രകാശ് രാജ്, ഇപ്പോൾ സ്ഥലത്തില്ലാത്തതിനാൽ പിന്നീട് പ്രതികരിക്കുമെന്ന് വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്കുള്ളിൽ മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചത്.
Content Highlights: Chinnayya accuses Prakash Raj and others of forcing false statements., Allegation involves a conspiracy against the Dharmasthala temple administrator., Bribe of 50 Lakhs promised for false testimony., Karnataka High Court issues notices to the accused., Prakash Raj plans to address the media upon his return.