കേരളത്തിലേക്ക് സൈനികർ വന്ന ട്രെയിനിന്റെ ട്രാക്കിൽ സ്‌ഫോടക വസ്തു; അട്ടിമറി സാധ്യത അന്വേഷിക്കാൻ കരസേന

ന്യൂഡല്‍ഹി: തിരുവനത്തപുരത്തേക്ക് സൈനികരെയും, ആയുധങ്ങളും കൊണ്ടുപോകുകയായിരുന്ന പ്രത്യേക ട്രെയിന്‍ കടന്നുപോകുന്ന പാതയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി കരസേന. മധ്യപ്രദേശിലെ രത്ലം ജില്ലയിലെ റെയില്‍വേ ട്രാക്കിലാണ് സ്‌ഫോടക വസ്തുക്കള്‍ വച്ചിരുന്നത്. സംഭവത്തിന് പിന്നില്‍ അട്ടിമറി ശ്രമമാണോയെന്ന് കരസേന അന്വേഷണം ആരംഭിച്ചു.
സെപ്റ്റംബര്‍ 18-നാണ് സൈനികര്‍ യാത്ര ചെയ്തിരുന്ന പ്രത്യേക ട്രെയിന്‍ കടന്നുപോകവെ ട്രാക്കില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ട്രെയിന്‍ കടന്നു പോയപ്പോള്‍ പടക്കങ്ങള്‍ക്ക് സമാനമായ സ്‌ഫോടക വസ്തുക്കള്‍ പൊട്ടി. ആദ്യ സ്‌ഫോടനം കേട്ടപ്പോള്‍ തന്നെ ലോക്കോ പൈലറ്റ് ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തി. തുടര്‍ന്ന് ട്രെയിന്‍ സഗ്ഫാത്ത സ്റ്റേഷനില്‍ അര മണിക്കൂറോളം നിർത്തിയിടുകയും, ട്രാക്കും പരിസര പ്രദേശങ്ങളും വിശദമായി പരിശോധിക്കുകയും ചെയ്തു.
സപ്ഘാത - ഡോണ്‍ഘര്‍ഗാവ് സ്റ്റേഷനുകള്‍ക്കിടയിലെ റെയില്‍വേ ട്രാക്കില്‍ പത്ത് മീറ്ററിനിടയില്‍ പത്ത് സ്‌ഫോടക വസ്തുക്കള്‍ പരിശോധനയില്‍ കണ്ടെത്തിയെന്ന് സെന്‍ട്രല്‍ റെയില്‍വേയുടെ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സ്വപനില്‍ നിള അറിയിച്ചു.
സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കാണുന്നത്. എന്‍.ഐ.എ, കരസേന, ഭീകര വിരുദ്ധ സ്‌ക്വാഡ് തുടങ്ങിയവ സംഭവ സ്ഥലം വിശദമായി പരിശോധിച്ചു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് സൂചന. മദ്യലഹരിയിലാണ് കസ്റ്റഡിയിലുള്ള വ്യക്തി സ്‌ഫോടക വസ്തുക്കള്‍വെച്ചത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിക്കുന്ന സൂചന. എന്നാല്‍ ഇക്കാര്യം പൊലീസോ, മറ്റ് ഏജന്‍സികളോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ സിഗ്നല്‍ മാന്‍, ട്രാക് മാന്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള റെയില്‍വേ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുതരണം എന്ന് കരസേന ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ അഞ്ചാഴ്ചയ്ക്കിടയില്‍ ഏഴ് തീവണ്ടി അട്ടിമറി ശ്രമങ്ങളാണ് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ ആറെണ്ണവും ഉത്തര്‍പ്രദേശില്‍ നിന്നാണ്.
Content Highlights: detonators on railway track in madhya pradesh army to pbobe sabotage angle