10 മണിയോടെ ജന്തർ മന്തറിലേക്ക് എത്തുവാൻ CJP ആഹ്വാനം: 30,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് ഡൽഹി പോലീസ്,കടുത്ത നിയന്ത്രണങ്ങൾ

ന്യൂഡൽഹി: സിജെപി പ്രതിഷേധ നീക്കങ്ങളെ തുടർന്ന് രാജ്യതലസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി പോലീസ്. രാവിലെ 10 മണിയോടെ ജന്തർ മന്തറിലോ പരിസര പ്രദേശങ്ങളിലോ പ്രവർത്തകർ കൂട്ടമായി എത്തിച്ചേരാനാണ് സംഘടന ആവശ്യപ്പെട്ടിട്ടുള്ളത്. ഡൽഹി പോലീസ് എവിടെയാണോ തടയുന്നത്, ആ സ്ഥലത്തെ 'ജന്തർ മന്തർ' ആക്കി മാറ്റി സമരം ചെയ്യാനാണ് പ്രവർത്തകർക്ക് സി.ജെ.പി നൽകിയിരിക്കുന്ന നിർദ്ദേശം. സി.ജെ.പി ഭാരവാഹിയും ദേശീയ കോർഡിനേറ്റർ ഇൻചാർജുമായ അജിങ്ക്യ ഷിണ്ഡെയുടെ നേതൃത്വത്തിലാണ് ഇന്നും പ്രതിഷേധങ്ങൾക്ക് ആഹ്വാനം നൽകിയിരിക്കുന്നത്.
പ്രതിഷേധങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ട് ഡൽഹി നഗരത്തിൽ 30,000 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ഇതിനുപുറമേ ആർ.എ.എഫ്. അടക്കമുള്ള അർദ്ധസൈനിക വിഭാഗങ്ങളെയും ഡൽഹിയിൽ കാവൽ നിർത്തിയിട്ടുണ്ട്. അക്ബർ റോഡ്, ജനപഥ് മാർഗ് തുടങ്ങിയ പ്രധാന പാതകളിൽ വലിയ തോതിൽ ബാരിക്കേഡുകൾ സ്ഥാപിച്ചാണ് പോലീസ്, വാഹനങ്ങളും ആളുകളെയും പരിശോധിച്ച് കടത്തിവിടുന്നത്. നഗരത്തിലെ പല ഭാഗങ്ങളിലേക്കുമുള്ള വഴികൾ പൂർണ്ണമായി അടയ്ക്കുകയും ജന്തർ മന്തറിലേക്ക് ആർക്കും പ്രവേശിക്കാൻ സാധിക്കാത്ത വിധം നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ പ്രതിഷേധങ്ങളെ അപേക്ഷിച്ച് ഞായറാഴ്ച ഇന്റർനെറ്റ് വിച്ഛേദിക്കലോ മെട്രോ സർവീസുകൾ നിർത്തിവെക്കലോ പ്രഖ്യാപിച്ചിട്ടില്ല എന്നത് ജനങ്ങൾക്ക് ആശ്വാസകരമാണ്. ശനിയാഴ്ച രാത്രി 10 മണിയോടെ രാജ്യതലസ്ഥാനത്ത് മെട്രോ സർവീസുകളും ഇന്റർനെറ്റ് സേവനങ്ങളും പുനസ്ഥാപിച്ചിരുന്നു. ബസ് സർവീസുകൾ ഇന്ന് ധാരാളമായി ലഭ്യമാണെങ്കിലും പ്രധാന പാതകളിലെ ബാരിക്കേഡുകൾ കാരണം പൊതുഗതാഗതം സുഗമമല്ല. അതിനിടെ, ഡൽഹിയിൽ പ്രതിഷേധത്തിന് എത്തുന്നവരെ തടയുന്നതിനായി ഹരിയാണയിലടക്കം വിവിധ പ്രദേശങ്ങളിൽ പോലീസ് വീടുകളിൽ കയറി ആളുകളെ കസ്റ്റഡിയിലെടുക്കുന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.
കഴിഞ്ഞ ദിവസം സി.ജെ.പി ഭാരവാഹികളായ അഭിജീത് ദിപ്കെ അടക്കമുള്ള നേതാക്കളെ വിമാനത്തിൽ വെച്ചുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തതിനാൽ അവർക്ക് കാര്യമായ പ്രതിഷേധം സംഘടിപ്പിക്കാൻ സാധിച്ചിരുന്നില്ല. പകരം എ.ഐ.എസ്.എ (AISA), എസ്.എഫ്.ഐ (SFI) തുടങ്ങിയ ഇടത് വിദ്യാർത്ഥി സംഘടനകളും സി.പി.എം നേതാക്കളുമാണ് ഇന്നലെ പ്രതിഷേധത്തിന് മുൻപന്തിയിലുണ്ടായിരുന്നത്. കസ്റ്റഡിയിലെടുത്ത ആളുകളിൽ സി.ജെ.പി നേതാക്കൾ ഒഴികെയുള്ള ബാക്കിയുള്ളവരെയും ഇടത് വിദ്യാർഥി നേതാക്കളായ നേഹ, ഐഷി ഘോഷ് എന്നിവരെയും രാത്രിയോടെ പോലീസ് വിട്ടയക്കുകയുണ്ടായി. എന്നാൽ തടങ്കലിലുള്ള സി.ജെ.പി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ തന്നെയാണ് കഴിയുന്നത്.