മാറുന്ന സമരരീതിയും തന്ത്രങ്ങളും: പോലീസിനെ കബളിപ്പിക്കാൻ സിഗ്നൽ ഗ്രൂപ്പുകളിലൂടെയും എൻക്രിപ്റ്റഡ് സന്ദേശങ്ങളിലൂടെയും സമരം ഏകോപിപ്പിച്ച് യുവാക്കൾ

ന്യൂഡൽഹി: ഡൽഹിയിൽ ബാരിക്കേഡുകളും കസ്റ്റഡി നടപടികളും അടച്ചിട്ട മെട്രോ സ്റ്റേഷനുകളും സൃഷ്ടിച്ച അരാജകത്വത്തിനിടയിലും, പോലീസും പ്രതിഷേധക്കാരുംതമ്മിൽ നിശ്ശബ്ദമായൊരു സാങ്കേതിക പോരാട്ടം അരങ്ങേറി. പ്രതിഷേധ പ്രകടനങ്ങൾ തടയാൻ ഇന്റലിജൻസ് ഏജൻസികളും ആയിരക്കണക്കിന് സുരക്ഷാ ജീവനക്കാരും അണിനിരന്ന് സുരക്ഷ കടുപ്പിച്ചപ്പോൾ പോലീസിന്റെ നിരീക്ഷണ സംവിധാനങ്ങളെ മറികടക്കാൻ യുവതയുടെ നേതൃത്വത്തിലുള്ള ആക്ടിവിസ്റ്റ് ശൃംഖലകൾ പുത്തൻ സാങ്കേതിക വിദ്യകളും എൻക്രിപ്റ്റഡ് ആശയവിനിമയ മാർഗ്ഗങ്ങളും വികേന്ദ്രീകൃത തന്ത്രങ്ങളും ഉപയോഗിക്കുകയായിരുന്നു.
കോക്റോച്ച് ജനതാ പാർട്ടി (സിജെപി) നയിച്ച പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടികൾ ശനിയാഴ്ച പുലർച്ചെ തന്നെ ആരംഭിച്ചിരുന്നു. സോഷ്യൽ മീഡിയ പ്രൊഫൈലുകൾ നിരീക്ഷിച്ചും ഡിജിറ്റൽ വിവരങ്ങൾ പിന്തുടർന്നുമാണ് സുരക്ഷാ ഏജൻസികൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഡിജിറ്റൽ നിരീക്ഷണവും മുൻകൂട്ടിയുള്ള വീട്ടുതടങ്കൽ നടപടികളും മുൻകൂട്ടി കണ്ട പ്രക്ഷോഭകർ, പരമ്പരാഗത ആശയവിനിമയ മാർഗ്ഗങ്ങൾ ഉപേക്ഷിച്ച് ഡിസപ്പിയറിംഗ് മെസേജ് ഫീച്ചറുകളുള്ള ആപ്പുകൾ, സിഗ്നൽ ഗ്രൂപ്പുകൾ, താൽക്കാലിക ഫീച്ചർ ഫോണുകൾ എന്നിവ ഉപയോഗിച്ച് നോയിഡ, ഗുരുഗ്രാം, ഡൽഹി എന്നിവിടങ്ങളിലെ നീക്കങ്ങൾ ഏകോപിപ്പിച്ചു.
ജന്തർ മന്തർ പോലെയുള്ള മുൻകൂട്ടി നിശ്ചയിച്ച കേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്തുന്നതിന് പകരം, വികേന്ദ്രീകൃത രീതിയാണ് പ്രതിഷേധക്കാർ സ്വീകരിച്ചത്. ഒത്തുചേരലുകൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പുമാത്രം എൻക്രിപ്റ്റഡ് ചാനലുകൾ വഴി പുതിയ കേന്ദ്രങ്ങൾ കൈമാറിയത് പോലീസിന്റെ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതികളെ നിർവീര്യമാക്കി. ഡൽഹി ഹാട്ട്, ജോർ ബാഗ് തുടങ്ങിയ യാത്രാ കേന്ദ്രങ്ങൾക്കും വാണിജ്യ മേഖലകൾക്കും സമീപം പെട്ടെന്ന് ആളുകൾ ഒത്തുകൂടുകയും ഒരു സ്ഥലത്ത് പോലീസ് വളയുമ്പോൾ എൻക്രിപ്റ്റഡ് റിലേ നെറ്റ്‌വർക്കുകൾ വഴി ലഭിക്കുന്ന പുതിയ സന്ദേശങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് കേന്ദ്രങ്ങളിലേക്ക് വേഗത്തിൽ മാറുന്ന രീതിയാണ് പ്രതിഷേധക്കാർ പിന്തുടർന്നത്.
പോലീസിന്റെ ഫോൺ പിടിച്ചെടുക്കൽ തന്ത്രങ്ങളെയും റിയൽ ടൈം ട്രാക്കിങിനെയും ചെറുക്കാൻ പ്രധാന വിദ്യാർഥി നേതാക്കളും സന്നദ്ധപ്രവർത്തകരും താത്കാലിക ഡാറ്റ പ്ലാനുകളുള്ള ഫീച്ചർ ഫോണുകൾ ഉപയോഗിച്ചു. അതിർത്തി പരിശോധനാ കേന്ദ്രങ്ങളിലും സ്റ്റേഷനുകളിലും തടയപ്പെട്ടാൽ കോൺടാക്റ്റ് ലിസ്റ്റുകളും വിവരങ്ങളും ചോരാതിരിക്കാൻ ഇത് സഹായിച്ചു. കൂടാതെ, കാഷെ ഫയലുകൾ നീക്കം ചെയ്യുക, ബയോമെട്രിക് അൺലോക്ക് സംവിധാനങ്ങൾ ഉള്ള ഫോണുകളിൽ അവ നിർജ്ജീവമാക്കുക, തത്സമയ സംപ്രേഷണങ്ങൾ പരിമിതപ്പെടുത്തുക തുടങ്ങിയ കർശനമായ ഡിജിറ്റൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചത് ഇന്റലിജൻസ് നിരീക്ഷണ യൂണിറ്റുകൾക്ക് വലിയ തടസ്സമായി മാറി.
പ്രധാന നഗരപ്രദേശങ്ങളിൽ ഡ്രോൺ നിരീക്ഷണവും മൊബൈൽ നെറ്റ്‌വർക്ക് വേഗത കുറയ്ക്കലും അധികൃതർ നടപ്പിലാക്കിയപ്പോഴും പ്രതിഷേധക്കാർ തടസ്സമില്ലാതെ ആശയവിനിമയം തുടർന്നു. നെറ്റ്‌വർക്ക് തടസ്സങ്ങളെ മറികടക്കാൻ പിയർ-ടു-പിയർ ഓഫ്ലൈൻ മെസേജിങ് ടൂളുകളും വി.പി.എൻ. സംവിധാനങ്ങളും ഉപയോഗിച്ചാണ് തത്സമയ വിവരങ്ങൾ തടസ്സമില്ലാതെ കൈമാറിയത്.