അഭിജിത് ദീപ്കെയെ പോലീസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് സിജെപി; ഇല്ലെന്ന് പോലീസ്

പാർലമെന്റിനടുത്ത് നിന്നുള്ള ദൃശ്യം | Photo: ANI
പാർലമെന്റിനടുത്ത് നിന്നുള്ള ദൃശ്യം | Photo: ANI

ന്യൂഡൽഹി: നിരാഹാരം അവസാനിപ്പിച്ച് പ്രതിഷേധക്കാർക്കൊപ്പം ചേരാനിരുന്ന അഭിജിത് ദീപ്കെയെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി വിവരം. സിജെപി വക്താവ് സൗരവ് ദാസ് ആണ് എക്സിൽ കൂടി ഇക്കാര്യം അറിയിച്ചത്. ദീപ്കെയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായും സിജെപി ആരോപിച്ചു.

എന്നാൽ, അഭിജിത് ദീപ്‌കെയെ കസ്റ്റഡിയിലെടുത്തതായുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളാണെന്നും ഡൽഹി പോലീസ് പറഞ്ഞു.

കോക്രാച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി.) സമരം പാർലമെന്റിന് തൊട്ടടുത്തെത്തിയിരുന്നു. ഇതോടെ പാർലമെന്റിന്റെ മുഴുവൻ ഗേറ്റുകളുമടച്ച് അകത്തേക്കും പുറത്തേക്കുമുള്ള പ്രവേശനം തടഞ്ഞു. സമീപകാലത്ത് ഇതാദ്യമായാണ് ഒരു സമരം പാർലമെന്റിന് ഇത്രയും സമീപമെത്തുന്നത്.

പാർലമെന്റ് വർഷക്കാല സമ്മേളനം തുടങ്ങിയ തിങ്കളാഴ്ച രാവിലെ, ജന്തർമന്തറിൽനിന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്താൻ സി.ജെ.പി. ആഹ്വാനം ചെയ്തിരുന്നു. ഈ മാർച്ച് ജന്തർമന്തറിൽ വെച്ചുതന്നെ പോലീസ് തടഞ്ഞു. പ്രതിഷേധക്കാർ ബാരിക്കേഡ് ഭേദിക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്‌ഥയായി. തുടർന്ന് പോലീസ് ലാത്തി വീശി.

അതിനുശേഷം ഉച്ചയ്ക്ക് 12 മണിയോടെയാണ് സി.ജെ.പി. ആഹ്വാനത്തെത്തുടർന്ന് യുവാക്കൾ പാർലമെൻ്റിന് സമീപം തടിച്ചുകൂടിയത്. മുദ്രാവാക്യംവിളികളുമായി റെയിൽ ഭവന്റെ സമീപത്തുനിന്നെത്തിയ പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

സംഭവത്തെത്തുടർന്ന് പാർലമെന്റിലെ മുഴുവൻ കവാടങ്ങളും അടച്ചു. അകത്തുള്ളവരെ പുറത്തേക്ക് പോകാൻ അനുവദിച്ചില്ല. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി തുടങ്ങിയവരെല്ലാം പാർലമെൻ്റിലുണ്ടെന്നത് സംഭവത്തിൻ്റെ സുരക്ഷാ പ്രാധാന്യം വർധിപ്പിക്കുന്നു.

Content Highlights: CJP protest march reaches Parliament gates, Police used tear gas and lathi charge on students, Mobile internet services suspended in the capital, Parliament entry and exit points completely sealed