കസ്റ്റഡിയിൽ ഉള്ളവർ പലയിടത്ത്, അറസ്റ്റ് ചെയ്യാതെ പോലീസ്; സമരഭരിതം രാജ്യതലസ്ഥാനം

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധഭരിതമായി രാജ്യതലസ്ഥാനം. സമരദിനത്തിന്റെ ആദ്യപകുതിയിൽ നേതാക്കളെ കൂട്ടത്തോടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുക്കുന്ന കാഴ്ചയ്ക്കാണ് രാജ്യതലസ്ഥാനം സാക്ഷിയായത്.
അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക തുടങ്ങിയ േനതാക്കൾ പോലീസ് കസ്റ്റഡിയിലായതോടെ സിജെപിയുടെ പ്രതിഷേധം നടന്നില്ലെങ്കിലും വിവിധ പ്രതിപക്ഷ പാർട്ടികളും യുവജന സംഘടനകളും നടത്തിയ മാർച്ചുകൾ ഡൽഹിയെ സമരഭരിതമാക്കി. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകരും മാർച്ചുമായെത്തി. പ്രതിഷേധക്കാരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി അറിയില്ല.
ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ പുറപ്പെട്ട കോക്രോച്ച് ജനതാ പാർട്ടി നേതാക്കളെ ഡൽഹിയിൽ കാലുകുത്താൻ സമ്മതിക്കാതെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും പ്രതിഷേധക്കാരെയും കസ്റ്റഡിയിലെടുത്തുമായിരുന്നു ഡൽഹി പോലീസിന്റെ നീക്കം. ശനിയാഴ്ച രാവിലെ പത്തുമണിക്ക് പ്രതിഷേധം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മുംബൈയിൽനിന്ന് ഡൽഹിയിലെ ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലെത്തിയ അഭിജീത് ദിപ്‌കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ വിമാനത്തിനുള്ളിൽവെച്ചുതന്നെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
അഭിജീത്തിനെ ഗുരുഗ്രാമിലെ പോലീസ് സ്റ്റേഷനിലേക്കും സൗരവ് ദാസിനെ ഡൽഹിയിലെ പോലീസ് സ്റ്റേഷനിലേക്കും അശുതോഷിനെ ദ്വാരകയിലെ പോലീസ് സ്റ്റേഷനിലേക്കുമാണ് കൊണ്ടുപോയതെന്നാണ് വിവരം.
അതിനിടെ, പ്രതിഷേധത്തിന്റെ ഭാഗമാകാനെത്തിയ കേരളത്തിൽനിന്നടക്കമുള്ള സിപിഎം നേതാക്കളെയും ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, ജോൺ ബ്രിട്ടാസ് തുടങ്ങിയ നേതാക്കളെയാണ് ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തത്.
പ്രതിഷേധത്തെ കാർക്കശ്യത്തോടെ നേരിടുകയെന്ന രീതിയാണ് ഡൽഹി പോലീസ് അവലംബിച്ചത്. സിജെപി നേതാക്കളെ വിമാനത്തിൽനിന്ന് കസ്റ്റഡിയിലെടുക്കുകയും പിന്നീട് പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കംചെയ്യുകയുമായിരുന്നു.
Content Highlights: Protests erupted in Delhi demanding the resignation of Chief Election Commissioner Gyanesh Kumar., Cockroach Janata Party (CJP) leaders were detained directly inside the aircraft at the Delhi airport., Prominent opposition leaders from Kerala, including Pinarayi Vijayan and M.A. Baby, were taken into custody., Delhi Police used strict measures, forcefully removing student and youth activists like SFI and DYFI.