സുർജിത് ഭവനിൽ നടന്ന വി20 യോഗം തടഞ്ഞ് ഡല്‍ഹി പോലീസ്; ഫാസിസ്റ്റ് നടപടിയെന്ന് ജയറാം രമേശ്, പ്രതിഷേധം

ന്യൂഡല്‍ഹി: സി.പി.എമ്മിന്‍റെ പഠന-ഗവേഷണ കേന്ദ്രമായ ഡല്‍ഹിയിലെ ഹര്‍കിഷന്‍ സിങ് സുര്‍ജിത് ഭവനില്‍ സംഘടിപ്പിച്ച പരിപാടി പോലീസ് തടഞ്ഞു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 സമ്മേളനത്തിന് ബദലായി 'വി20' എന്ന പേരില്‍ സംഘടിപ്പിച്ച സെമിനാറാണ് പോലീസ് തടഞ്ഞത്. പരിപാടി നടത്താന്‍ അനുമതിയില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പോലീസ് നടപടി.
ജനപ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിനിധികളായ വി20 സെമിനാര്‍ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. ശനിയാഴ്ച രാവിലെയാണ് പോലീസെത്തി കെട്ടിടത്തിന് മുന്നില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പ്രതിനിധികളെ തടഞ്ഞത്. ഇതോടെ സെമിനാറിനെത്തിയ പ്രതിനിധികള്‍ പ്രതിഷേധമുയര്‍ത്തി. സ്ഥലത്തേക്ക് കൂടുതല്‍ പോലീസുകാര്‍ ഉള്‍പ്പെടെ എത്തിയെങ്കിലും സംഘാടകര്‍ പരിപാടിയുമായി മുന്നോട്ടുപോയി.
പരിപാടി തടഞ്ഞത് മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. സെമിനാറില്‍ പങ്കെടുത്ത് പുറത്തിറങ്ങവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. തികച്ചും സമാധാനപരമായി നടന്ന പരിപാടി തടഞ്ഞ പോലീസ് നടപടി ആശ്ചര്യകരമാണെന്നും ഇതാണ് പുതിയ ഇന്ത്യയിലെ ജനാധിപത്യമെന്നും അദ്ദേഹം സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു.
ഒരു പാര്‍ട്ടി ഓഫീസില്‍ പരിപാടി നടത്താന്‍ എന്തിനാണ് പോലീസിന്റെ അനുമതിയെന്ന് സെമിനാറില്‍ പങ്കെടുക്കാനെത്തിയ സാമൂഹിക പ്രവര്‍ത്തക വന്ദന ശിവ ചോദിച്ചു. വി20 പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ കുറ്റവാളികളല്ല. ആദിവാസികള്‍ക്കും വനസംരക്ഷണത്തിനും വേണ്ടി പോരാടുന്നവരാണ് അവരെന്നും വന്ദന ശിവ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി ഓഫീസില്‍ നടത്തുന്ന പരിപാടിക്ക് പോലീസിന്റെ മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ലെന്നും പോലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നെന്നും സിപിഎം പോളിറ്റ് ബ്യൂറോ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള കേന്ദ്രത്തിന്റെ ശ്രമമാണിതെന്നും സിപിഎം വിമര്‍ശിച്ചു.
Content Highlights: Delhi Police Trying to Shut Down We20 Meet