CJP പ്രതിഷേധം തടയാൻ ഡൽഹിയിൽ സെക്ഷൻ 163 പ്രഖ്യാപിക്കും; 4,000 CRPF കാരെ വിന്യസിക്കും, അതിർത്തികളിലും ക്യാമ്പസുകളിലും നിരീക്ഷണം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | Photo: AFP
പ്രതീകാത്മകചിത്രം | Photo: AFP

ന്യൂഡൽഹി: ഒക്ടോബർ 10-ന് നടക്കാനിരിക്കുന്ന കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി.) പ്രതിഷേധ പ്രകടനത്തിന് മുന്നോടിയായി സുരക്ഷയും നിരീക്ഷണവും ശക്തമാക്കി ഡൽഹി പോലീസ്. ജന്തർ മന്തറിലും സെൻട്രൽ ഡൽഹിയുടെ വിവിധ ഭാഗങ്ങളിലുമായി സി.എ.പി.എഫിനെ വിന്യസിച്ചിട്ടുണ്ട്. ഏകദേശം 4,000 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും പ്രതിഷേധ സ്ഥലത്തിന് ചുറ്റുമുള്ള പ്രധാന പാതകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വൻതോതിൽ പ്രതിഷേധക്കാർ എത്തുന്ന പക്ഷം ഡൽഹിയിലെ സ്റ്റേഡിയങ്ങളിൽ താത്കാലിക തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന കാര്യവും പോലീസ് പരിഗണനയിലാണ്.

സി.ജെ.പി വക്താവ് സൗരവ് ദാസ് ഒക്ടോബർ 10-ലെ പ്രതിഷേധത്തെക്കുറിച്ച് ഡൽഹി പോലീസിനെ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രകടനത്തിന് ഔദ്യോഗിക അനുമതി നൽകിയിട്ടില്ല. നിലവിൽ ഡൽഹിയിൽ സെക്ഷൻ 163 പ്രാബല്യത്തിലുണ്ടെന്നും അനുമതിയില്ലാതെ ജന്തർ മന്തറിലോ മറ്റ് സ്ഥലങ്ങളിലോ പ്രതിഷേധങ്ങൾ നടത്താൻ പാടില്ലെന്നും ഡി.സി.പി സൃഷ്ടി പാണ്ഡെ വ്യക്തമാക്കി. അനുമതി നിഷേധിച്ചിട്ടും വൻ ജനക്കൂട്ടം തലസ്ഥാനത്തേക്ക് എത്താനുള്ള സാധ്യത മുൻനിർത്തി പോലീസ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ജന്തർ മന്തറിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞാൽ പ്രതിഷേധക്കാർ മറ്റ് സ്ഥലങ്ങൾ താൽക്കാലിക സമരവേദികളാക്കുന്നത് തടയാനും പോലീസിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

സംഘടിതമായ നീക്കങ്ങൾ തടയുന്നതിന്റെ ഭാഗമായി, എഫ്.ആർ.എസ്. വഴി മുൻകാല ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് കണ്ടെത്തിയ ഏകദേശം 2,800 ആളുകളുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ പോലീസ് സ്റ്റേഷനുകൾക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഉഅതിർത്തികളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചാണ് പരിശോധന നടക്കുന്നത്. പ്രതിഷേധക്കാരുടെ വരവ് മുൻകൂട്ടി അറിയാൻ ബസ് ബുക്കിങുകൾ, വാഹനങ്ങൾ വാടകയ്ക്കെടുക്കുന്നവർ, യാത്രക്കാരുടെ എണ്ണം എന്നിവ പോലീസ് പരിശോധിച്ചു വരുകയാണ്. മുൻപ് നടന്ന സമരങ്ങളിൽ ഗതാഗത സൗകര്യങ്ങളും മറ്റും നൽകിയ ബസ് ഓപ്പറേറ്റർമാരെയും വിതരണക്കാരെയും കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

വിദ്യാർഥികൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ യൂണിവേഴ്സിറ്റി-കോളേജ് മേധാവികളുമായി സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ബന്ധപ്പെടുന്നുണ്ട്. വിദ്യാർഥികൾ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിലെ പേയിങ് ഗസ്റ്റ് (പി.ജി) ഉടമകളോടും വിദ്യാർഥികളെ സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സമരം കൈകാര്യം ചെയ്യുന്നതിൽ കർശന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും, വനിതാ പ്രതിഷേധക്കാരെ വനിതാ പോലീസ് ഉദ്യോഗസ്ഥരും പുരുഷന്മാരെ പുരുഷ ഉദ്യോഗസ്ഥരും മാത്രമേ കൈകാര്യം ചെയ്യുകയുള്ളൂ എന്നും ഡി.സി.പി അറിയിച്ചു.