സോഷ്യൽമീഡിയ പോസ്റ്റ്; മുൻ ഉന്നത ഉദ്യോഗസ്ഥനെ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്ത് ഡൽഹി പോലീസ്

#ന്യൂസ് ഡെസ്ക്
ആശിഷ് ജോഷി
ആശിഷ് ജോഷി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിമർശകനായ മുൻ ഉന്നത ഉദ്യോഗസ്ഥൻ ആശിഷ് ജോഷിയെ സോഷ്യൽമീഡിയ പോസ്റ്റുകളെത്തുടർന്ന് ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്ത് ഡൽഹി പോലീസ്. ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെല്ലാണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിലെ മുൻ കമ്മ്യൂണിക്കേഷൻസ് കൺട്രോളറായ ജോഷിയെ ചോദ്യം ചെയ്തത്.

ഈ വർഷം മാർച്ച് 31-ന് കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സെക്രട്ടറി റാങ്ക് ഉദ്യോഗസ്ഥനായി വിരമിച്ച ജോഷി സോഷ്യൽ മീഡിയയിൽ നരേന്ദ്ര മോദി സർക്കാരിന്റെ കടുത്ത വിമർശകനാണ്. തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട പോസ്റ്റാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെയുള്ള അദ്ദേഹത്തിന്റെ ഒരു പോസ്റ്റാണ് ചോദ്യം ചെയ്യലിന് കാരണമായതെന്നും റിപ്പോർട്ടുകളുണ്ട്. ഏത് പോസ്റ്റിന്റെ പേരിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തതെന്ന് കൃത്യമായ വിവരം ഡൽഹി പോലീസ് നൽകിയിട്ടില്ല. വിവാദമായ ഒരു വീഡിയോയുടെ പേരിൽ ബിജെപി നേതാവ് കപിൽ മിശ്രയ്ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റിനെത്തുടർന്ന് 2019-ൽ ടെലികോം വകുപ്പ് ജോഷിയെ സസ്‌പെൻഡ് ചെയ്തിരുന്നു. ജന്തർ മന്തറിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 13ന് പങ്കുവെച്ച ഒരു പോസ്റ്റിന്റെ പേരിൽ അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

രാവിലെ 10 മണിയോടെ ന്യൂ ഫ്രണ്ട്‌സ് കോളനിയിലെ സ്‌പെഷ്യൽ സെൽ ഓഫീസിലെത്തിച്ച ജോഷിയെ രാത്രി 7 മണിയോടെയാണ് വിട്ടയച്ചത്. പ്രഭാതസവാരിക്കിടെ നെഹ്‌റു പാർക്കിൽ നിന്ന് ഡൽഹി പോലീസ് ഉദ്യോഗസ്ഥർ ആഷിഷ് ജോഷിയെ കൂട്ടിക്കൊണ്ടുപോയെന്നും മണിക്കൂറുകളോളം അദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമില്ലെന്നും ആരോപിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് രംഗത്തെത്തിയിരുന്നു.

സ്‌പെഷ്യൽ സെല്ലിന്റെ കൗണ്ടർ ഇന്റലിജൻസ് (സിഐ) യൂണിറ്റ് ഓഫീസിന് പുറത്ത് ജോഷിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി ആളുകൾ തടിച്ചുകൂടിയതിനെ തുടർന്ന് വൈകുന്നേരത്തോടെ അദ്ദേഹത്തെ വിട്ടയക്കുകയും പൊലീസുകാർ വീട്ടിലെത്തിക്കുകയും ചെയ്തു.

ജോഷിയെ, രണ്ട് ദിവസം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യുന്നതിനായി ചാണക്യപുരിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കലാപമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെയോ അറിവോടെയോ പ്രകോപനം സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ 192-ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും പോലീസ് വ്യക്തമാക്കി.

ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോൾ അയാളുടെ കുടുംബത്തെ വിവരം അറിയിക്കുന്നത് ഒരു നിയമപരമായ ബാധ്യതയാണെന്ന് ആശിഷ് ജോഷി പിന്നീട് എക്‌സിൽ കുറിച്ചു.

'ഇന്നലെ രാവിലെത്തെ പ്രഭാത നടത്തത്തിനിടയിൽ, കുറഞ്ഞ സമയം മാത്രമേ എടുക്കൂ എന്ന ഉറപ്പിലാണ് ചോദ്യം ചെയ്യലിനായി എന്നെ കൊണ്ടുപോയത്. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും, എന്റെ ഭാര്യയെ വിവരമറിയിക്കണമെന്ന എന്റെ ആവർത്തിച്ചുള്ള അഭ്യർത്ഥനയോട് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ 'നിർദ്ദേശങ്ങൾ പാലിക്കുകയാണെന്ന്' മാത്രമാണ് മറുപടി നൽകിയത്. വൈകുന്നേരം 6:38-ന് മാത്രമാണ് എനിക്ക് ഒരു ഫോൺ വിളിക്കാൻ അനുവാദം ലഭിച്ചത്. എന്റെ കുടുംബവും സുഹൃത്തുക്കളും പകൽ മുഴുവൻ കടുത്ത ആശങ്കയിലായിരുന്നു.

ചോദ്യം ചെയ്യലിനായി കൊണ്ടുപോകുന്ന ഏത് വ്യക്തിയുടെയും കുടുംബത്തെ ഉടൻ തന്നെ വിവരം അറിയിക്കുകയെന്ന നിയമപരമായ കടമ ഉദ്യോഗസ്ഥർ കർശനമായി പാലിക്കണമെന്ന് എല്ലാ യൂണിറ്റുകൾക്കും വ്യക്തമായ നിർദ്ദേശം നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. അതുവഴി എന്റെ കുടുംബം അനുഭവിച്ച ബുദ്ധിമുട്ടുകൾ മറ്റൊരു പൗരന്റെയും കുടുംബത്തിന് ഉണ്ടാകില്ലെന്ന് ഉറപ്പാക്കാം' ഡൽഹി പോലീസിനെ ടാഗ് ചെയ്തുകൊണ്ട് ജോഷി എക്‌സിൽ കുറിച്ചു. സിംഹാസനം ഒഴിയുക, ജനങ്ങൾ വരുന്നു എന്ന രാംധാരി സിങ് ദിനകറിന്റെ കവിതയും അദ്ദേഹം എക്‌സിൽ പങ്കുവെച്ചു.

Content Highlights: Former communications controller Ashish Joshi was questioned by Delhi Police for nearly nine hours., The interrogation was linked to social media posts concerning the Election Commission., Congress leader Sandeep Dikshit raised concerns over Joshi being taken away during a morning walk., A case was registered under BNS Section 192 for intent to cause riots or provocation., Joshi criticized the police on X for failing to notify his family promptly during his detention.