രാംലീല മൈതാനത്തെ കോൺഗ്രസ് റാലി; കർശന ഉപാധികളോടെ അനുമതി നൽകി ഡൽഹി പോലീസ്

ന്യൂഡൽഹി: എസ്.ഐ.ആർ. വിഷയത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള 'ഇന്ത്യ' മുന്നണി സംഘടിപ്പിക്കുന്ന പ്രതിഷേധ റാലിക്ക് ഡൽഹി പോലീസ് അനുമതി നൽകി. റാലിക്കായി ഡൽഹി പോലീസ് നിരാക്ഷേപപത്രം അനുവദിച്ചുവെങ്കിലും ജനക്കൂട്ട നിയന്ത്രണം, സി.സി.ടി.വി. നിരീക്ഷണം, യാത്രാസൗകര്യങ്ങൾ, റാലി അവസാനിക്കേണ്ട സമയം എന്നിവയുമായി ബന്ധപ്പെട്ട് ശക്തമായ ഉപാധികളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്.
വോട്ടുചോർച്ച ആരോപിച്ചും എസ്.ഐ.ആറിൽ മറുപടി ആവശ്യപ്പെട്ടും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുമാണ് റാലി. നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനത്ത് നടക്കുന്ന റാലിക്ക് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നേതൃത്വം നൽകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി പത്തുലക്ഷത്തോളം ആളുകളെ പങ്കെടുപ്പിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
നവംബർ ഒന്നിന് രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ചുമണിവരെ മാത്രമായിരിക്കും റാലി നടത്താൻ അനുവാദമുള്ളത്. അഞ്ചുമണിക്ക് തന്നെ റാലി അവസാനിപ്പിക്കുകയും ആളുകൾ പിരിഞ്ഞുപോവുകയും വേണം. യാതൊരു കാരണവശാലും റാലിയുടെ സമയം നീട്ടിനൽകില്ല. റാലിക്ക് മുന്നെയോ ശേഷമോ പങ്കെടുക്കുന്നവർ രാംലീല മൈതാനത്ത് രാത്രി തങ്ങാൻ പാടില്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. രാംലീല മൈതാനത്തേക്കല്ലാതെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്തുന്നതിന് പോലീസ് പൂർണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
റാലി പൂർണമായും സമാധാനപരമായിരിക്കണമെന്നും പങ്കാളികൾ അച്ചടക്കരഹിതമായോ അക്രമാസക്തമായോ പെരുമാറരുതെന്നും പോലീസിന്റെ നിർദേശമുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രവേശന കവാടങ്ങൾ, വേദി, രാംലീല മൈതാനത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ, ആളുകൾ ഇരിക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ എച്ച്.ഡി. സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കണമെന്ന് പോലീസ് നിർദേശിച്ചു. ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യാനുള്ള സൗകര്യം, കുറഞ്ഞത് അഞ്ച് സ്ക്രീനുകളുള്ള മോണിറ്ററിംഗ് സംവിധാനം, പ്രത്യേക സി.സി.ടി.വി. കൺട്രോൾ റൂം എന്നിവയും സംഘാടകർ ഒരുക്കണം.
ആവശ്യത്തിന് കുടിവെള്ള ടാങ്കറുകൾ, സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുള്ള ശുചിമുറികൾ, ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആവശ്യത്തിന് വളണ്ടിയർമാർ എന്നിവരെയും സംഘാടകർ സജ്ജമാക്കേണ്ടതുണ്ട്. വളണ്ടിയർമാർ ഒരേപോലെയുള്ള വസ്ത്രങ്ങളോ പൊതുവായ ബാഡ്ജുകളോ ധരിക്കേണ്ടതുണ്ട്. കൂടാതെ ബസുകൾ, കാറുകൾ, ടെമ്പോകൾ തുടങ്ങിയ എല്ലാ വാഹനങ്ങളും ട്രാഫിക് പോലീസ് നിർദേശിക്കുന്ന നിശ്ചിത സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാവൂ എന്നും പോലീസ് നിർദേശിച്ചിട്ടുണ്ട്.
Content Highlights: Delhi Police has granted an NOC to the INDIA bloc for their November 1 protest rally at Ramlila Maidan demanding the Chief Election Commissioner's resignation, subject to strict crowd control, timing, and security conditions.