ഡല്‍ഹിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് പോലീസ് അനുമതിയില്ല; ചടങ്ങ് പള്ളിക്കുള്ളിൽ മാത്രമായി നടത്തി

ന്യൂഡല്‍ഹി: ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് പള്ളിയിലെ കുരുത്തോല പ്രദക്ഷിണം നടത്താന്‍ പോലീസ് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ചടങ്ങുകള്‍ പള്ളിയില്‍ മാത്രമാക്കി. നിശ്ചയിച്ചപോലെ പ്രദക്ഷിണം നടത്താന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ വ്യക്തമാക്കി. പള്ളിക്കകത്തുവെച്ച് നിശ്ചയിച്ച സമയത്തുതന്നെ പ്രദക്ഷിണം നടത്തി. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഏഴുകിലോമീറ്റര്‍ അപ്പുറത്തുള്ള സെന്റ് മേരീസ് പള്ളിയില്‍നിന്ന് സേക്രഡ് ഹാര്‍ട്ട് പള്ളിയിലേക്ക് കുരിശിന്റെ വഴി നടത്താനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍, സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ച് ഡല്‍ഹി പോലീസ് കഴിഞ്ഞ ദിവസം ഇതിന് അനുമതി നിഷേധിച്ചതായി പള്ളി അധികൃതരെ അറിയിച്ചു. കഴിഞ്ഞ 15 വര്‍ഷമായി ഈ വിധത്തില്‍ നടന്നുവരുന്ന പ്രദക്ഷിണത്തിന് രണ്ടുവര്‍ഷം മുന്‍പും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് അനുമതി നിഷേധിച്ചിരുന്നു.
സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതെന്നും മറ്റു കാരണങ്ങളെന്താണെന്ന് തങ്ങള്‍ക്കറിയില്ലെന്നും ഇടവക വികാരി ഫാദര്‍ ഫ്രാന്‍സിസ് സ്വാമിനാഥന് അറിയിച്ചു. അനുമതിയില്ലാത്ത സാഹചര്യത്തില്‍ ചടങ്ങുകള്‍ മുന്‍നിശ്ചയിച്ച സമയപ്രകാരം പള്ളിക്കകത്തുവെച്ച് നടത്തുകയായിരുന്നു.
അനുമതി നിഷേധിച്ചത് വിഷമകരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പള്ളികളുടെ കൂട്ടായ്മയായ സിഎഎഡി പ്രതികരിച്ചു. സാധാരണ ഗതിയില്‍ രണ്ടായിരത്തോളം പേര് പങ്കെടുക്കുന്ന പരിപാടിയാണ് കുരിശിന്റെ വഴി പ്രദക്ഷിണം.
Content Highlights: delhi police denial of permission for palm sunday procession